നമ്മള്‍ വാങ്ങുന്നത് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ആണോ?; ആമസോണ്‍ അടക്കം 21 ഇ കൊമേഴ്‌സ് സൈറ്റുകള്‍ക്ക് നോട്ടീസ്

0

ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നും നമ്മള്‍ ആഗ്രഹിച്ചു വാങ്ങുന്നത് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ആണോ? ആണെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്ത രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പോര്‍ട്ടലുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കഴിഞ്ഞു.

സെപ്തംബര്‍ 22ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്, ആമസോണ്‍ ഇന്ത്യ, ഒഎല്‍എക്‌സ്, ക്വിക്കര്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ 21 ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചത്.15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.

ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ വീണ്ടും വില്‍പ്പനയ്‌ക്കെത്തിക്കുമ്പോള്‍ രാജ്യത്തെ ഇലക്ട്രോണിക് മാലിന്യം വര്‍ധിക്കുകയാണെന്ന് മന്ത്രാലയം ആരോപിക്കുന്നു. മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്നാണ് ചട്ടം. പരമാവധി അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ ഉറപ്പുവരുത്തുന്ന നിയമമാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ പതിനഞ്ച്.

ദീപാവലി ആഘോഷങ്ങളുടെ തുടക്കം ആകുന്നതോടെ എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളും വമ്പന്‍ ഓഫറുകളും ആയി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇരിക്കെയാണ് ഈ ഇരുട്ടടി.ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റുകളിലെ  വില കുറവ് കണ്ടു പണം മുടക്കും മുന്‍പായി ഇനി രണ്ടു വട്ടം ആലോചിക്കുന്നത് നന്നായിരിക്കും.