രാജ്യത്തെ സിനിമാ തിയറ്ററുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

0

ഇന്ത്യയിൽ ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കും. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കർശന മാർ​ഗ നിർദേശങ്ങൾ അനുസരിച്ചാണ് സിനിമാപ്രദർശനം പുനരാരംഭിക്കുക. ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.

തിയറ്ററില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ഒഴിച്ചിടുന്ന 50 ശതമാനം സീറ്റുകളില്‍ ഇവിടെ ഇരിക്കരുത് എന്ന് എഴുതി പ്രദര്‍ശിപ്പിക്കണം, ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണം, നിബന്ധനകള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണം, സാനിറ്റൈസര്‍ അടക്കം എല്ലാ സംവിധാനങ്ങളും ഒരുക്കണം, ഹാള്‍ ക്യത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം തുടങ്ങിയ നിബന്ധനകള്‍ പാലിച്ചായിരിക്കണം പ്രദര്‍ശനം.

തിയറ്ററുകളില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണ്. തെര്‍മല്‍ സ്‌ക്രീനിങ് തിയറ്ററുകളില്‍ പ്രവേശിക്കുന്നതിനുമുമ്പ് നടത്തണം. ഒന്നിലധികം സ്‌ക്രീനുകള്‍ ഉള്ള ഇടങ്ങളില്‍ പ്രദര്‍ശന സമയം വ്യത്യസ്തമായാണ് ക്രമീകരിക്കുക.

ചലച്ചിത്രമേഖല വീണ്ടും സജീവമാകുന്നത് കൊവിഡ് വ്യാപനം ഉണ്ടാകാന്‍ കാരണമാകത്ത വിധത്തില്‍ എല്ലാവരും ഉത്തരവാദിത്വത്തൊടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നു പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കര്‍ അഭ്യര്‍ത്ഥിച്ചു.