കൊറോണബാധിതർ ഒരുലക്ഷം കടന്നു: രാജ്യത്ത് 31 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

0

ലോകത്ത് കൊറോണ (കോവിഡ്-19) വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. 1,01,569 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. മരണം 3461 ആയി. തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങൾ സന്ദർശിച്ചു തിരിച്ചെത്തിയ 25 വയസ്സുകാരന് രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 31 ആയി. പ്രതിരോധപ്രവർത്തനങ്ങൾക്കായി കൂടുതൽ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ലോകാരോഗ്യസംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പുനൽകി.

വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പരിപാടികൾ സംഘടിപ്പിക്കേണ്ടി വന്നാൽ മതിയായ മുൻകരുതൽ എടുക്കാൻ സംസ്ഥാന സർക്കാരുകള്‍ സംഘാടകർക്ക് നിർദേശം നല്‍കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അതേസമയം കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ഉത്സവങ്ങൾ മാറ്റി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആറ്റുകാൽ പൊങ്കാലയടക്കം കേരളത്തിലെ ആഘോഷങ്ങൾ ഒഴിവാക്കേണ്ടതില്ല. എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. രോഗ ലക്ഷണമുള്ളവർ ഉത്സവങ്ങളിൽ നിന്നടക്കം മാറി നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇറ്റലിയിലും ഇറാനിലും വൈറസ് അനിയന്ത്രിതമാംവിധം പടരുകയാണ്. ഇറ്റലിയിൽ മരണം 197 ആയി. വ്യാഴാഴ്ച 41 പേർമരിച്ചു. രാജ്യത്തെ 22 മേഖലകളിലും വൈറസ് റിപ്പോർട്ടുചെയ്തതായി ഇറ്റാലിയൻസർക്കാർ അറിയിച്ചു. 3858 പേരിൽ വൈറസ് റിപ്പോർട്ടുചെയ്തതിൽ 414 പേർ സുഖംപ്രാപിച്ചു. ഇറാനിൽ മരണം 124 ആയി. 4747 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഇറാനിലെ 31 പ്രവിശ്യകളിലും വൈറസ് സ്ഥിരീകരിച്ചു.

ദക്ഷിണകൊറിയയിൽ 6248 പേർക്ക് വൈറസ് ബാധിച്ചു. 42 പേർ മരിച്ചു. ഫ്രാൻസിൽ ഏഴുപേർ മരിച്ചു. 423 പേരെ വൈറസ് ബാധിച്ചു.വത്തിക്കാൻ, പെറു, കാമറൂൺ, സെർബിയ, സ്ലോവാക്യ, ഭൂട്ടാൻ, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലും ആദ്യ വൈറസ് ബാധ റിപ്പോർട്ടുചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ സ്ഥിതി ശാന്തമായിത്തുടങ്ങുന്നുവെന്നും പുതിയ കേസുകളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾക്കാണ് വിലക്ക്. ഇന്നു മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക്. കരിപ്പൂരിൽ നിന്ന് രാവിലെ പുറപ്പെടേണ്ട കുവൈത്ത് വിമാനം റദ്ദാക്കി, വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു.