കൊവിൻ ഡാറ്റകൾ ചോർന്നിട്ടില്ല; കേന്ദ്രമന്ത്രി

0

കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്രം. കൊവിൻ ഡാറ്റകൾ നേരിട്ട് ചോർന്നിട്ടില്ലെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇക്കാര്യം അവലോകനം ചെയ്തതായി അദ്ദേഹം പറഞ്ഞു.

ടെലിഗ്രാം ബോട്ട് ആക്‌സസ് ചെയ്യുന്ന ഡാറ്റ, ഒരു ട്രീറ്റ് ആക്ടർ ഡാറ്റാബേസിൽ നിന്നുള്ള വിവരങ്ങളാണ്. മുമ്പ് ചോർന്ന ചില ഡാറ്റ ഇതിൽ അടങ്ങിയിരിക്കാം. CoWIN ആപ്പ് അല്ലെങ്കിൽ ഡാറ്റാബേസ് നേരിട്ട് ലംഘിച്ചതായി കാണുന്നില്ല. എല്ലാ സർക്കാർ പ്ലാറ്റ്‌ഫോമുകളിലും ഡാറ്റ സംഭരണം, ആക്‌സസ്, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുടെ ഒരു പൊതു ചട്ടക്കൂട് സൃഷ്ടിക്കുന്ന ഒരു ദേശീയ ഡാറ്റാ ഗവേണൻസ് നയത്തിന് അന്തിമരൂപം നൽകിയിട്ടുണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം, CoWIN പോർട്ടൽ പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡാറ്റാ സ്വകാര്യതയ്ക്ക് മതിയായ സുരക്ഷാസംവിധാനങ്ങൾ ഇതിലുണ്ട്. ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, CoWIN പോർട്ടലിലെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നു. OTP കൂടാതെ ഡാറ്റ വീണ്ടെടുക്കാൻ കഴിയുന്ന പൊതു API-കളൊന്നും നിലവിലില്ലെന്ന് CoWIN-ന്റെ ഡെവലപ്‌മെന്റ് ടീമും അവകാശപ്പെടുന്നു.

കൊവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്തവരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യസഭാ എംപി ഡെറക് ഒബ്രിയൻ, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, കെ.സി വേണുഗോപാൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗ്, രാജ്യസഭാ എംപിമാരായ സുസ്മിത ദേവ്, അഭിഷേക് മനു സിംഗ്വി, സഞ്ജയ് റാവത്ത് എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും പൗരന്മാരുടെയും സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ ചോർന്നുവെന്നാണ് റിപ്പോർട്ട്.