ലോകകപ്പ് ഇനി പുതിയ കൈകളിലേക്ക്; ഇംഗ്ളണ്ട് – ന്യൂസിലാൻഡ് ഫൈനൽ ഞായറാഴ്ച ലോഡ്സിൽ

0

ബര്‍മിങാം:ലോഡ്സില്‍ ലോകകപ്പ് കിരീടം കാത്തിരിക്കുന്നത് പുതിയ അവകാശികളെ. ഇന്നലെ രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ എട്ടുവിക്കറ്റിന് തോൽപ്പിച്ചാണ് ഞായറാഴ്ച ലോഡ്സിൽ നടക്കുന്ന കലാശക്കളിയിൽ ന്യൂസിലൻഡിനെ നേരിടാൻ ആതിഥേയരായ ഇംഗ്ളണ്ട് യോഗ്യത നേടിയത്. നിർണായകമായ മത്സരത്തിൽ, യാതൊരു സമ്മർദ്ദവുമില്ലാതെയാണ് ഇംഗ്ലീഷ് പട ആസ്ത്രേലിയയെ തകർത്ത്.

ഇംഗ്ലണ്ട് മൂന്ന് തവണ ഫൈനലിൽ കളിച്ചെങ്കിലും ലോകക്കപ്പ് ഇതുവരെയും നേടാനായിട്ടില്ല. 2015ലെ അവസാന ലോകക്കപ്പിൽ ഫൈനിൽ കളിച്ച ന്യൂസിലൻഡിനും കപ്പുനേടാനായിട്ടില്ല.അവസാനലോകക്കപ്പ് ഫൈനലിൽ ഓസ്ട്രേലിയ ഏഴ് വിക്കറ്റിനാണ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. 1979. 1987, 1992 വർഷങ്ങളിലാണ് ഇംഗ്ലണ്ട് ഫൈനലിൽ കളിച്ചത്. ഇന്നലെ ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കെയാണ് വിജയതീരമണിഞ്ഞത്. 1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്.

ആസ്ത്രേലിയ ഉയർത്തിയ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി അർധ സെഞ്ച്വറി നേടിയ ജെയ്സൻ റോയും (85) ബെയർസ്റ്റോയും (34) ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ആസ്ത്രേലിയൻ ബൗളിങ് നിരയെ അടിച്ച് പറത്തിയ റോയ്, 5 കൂറ്റൻ സിക്സും 9 ബൗണ്ടറികളുമാണ് നേടിയത്. ഇരുവരും ചേര്‍ന്ന് 124 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

മിച്ചൽ സ്റ്റാർക്ക് ഉൾപ്പെട്ട പേരുകേട്ട ഓസീസ് ബൗളിങ് നിര കണക്കിന് തല്ല് വാങ്ങിക്കൂട്ടി. 9 ഓവറിൽ നിന്നും 70 റൺസാണ് സ്റ്റാർക്ക് ഈ മത്സരത്തിൽ വഴങ്ങിയത്. സ്റ്റീവൻ സ്മിത്തിന്റെ ഒരോവറിൽ 21 റൺസ് നേടി ഇംഗ്ലണ്ട്. ആസ്ത്രേലിയക്കായി സ്റ്റാർക്കും പാറ്റ് കുമ്മിൻസും ഓരോ വിക്കറ്റ് വീതം നേടി. ഇതോടെ വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള സ്റ്റാർക്ക് 27 വിക്കറ്റുകളുമായി ലോകകപ്പ് റെക്കോർഡ് സൃഷ്ടിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 223 റൺസിന് എല്ലാവരും കൂടാരം കയറുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് (85) മാത്രമാണ് ആസ്ത്രേലിയൻ നിരയിൽ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ആദിൽ റാഷിദും 3 വിക്കറ്റ് വീതമെടുത്തു.

14 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻ നിര വിക്കറ്റുകളാണ് ആസ്ത്രേലിയക്ക് നഷ്ടമായത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർ അരോൺ ഫിഞ്ച് വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുമ്പോൾ, ആസ്ത്രേലിയൻ സ്കോർ ഒരോവറിൽ 4 റൺസ് മാത്രം. ജോഫ്രാ ആർച്ചറിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാർണറും പുറത്തായി. 9 റൺസെടുത്ത വാർണറിനെ ക്രിസ് വോക്സ് ആണ് മടക്കി അയച്ചത്. തൊട്ടുടനെ തന്നെ പീറ്റർ ഹാൻഡ്സ്കോമ്പിനേയും (4) പറഞ്ഞയച്ച് വോക്സ് ആസ്ത്രേലിയൻ നില പരുങ്ങലിലാക്കുകയായിരുന്നു.

തുടർന്നെത്തിയ സ്റ്റീവ് സ്മിത്ത് വിക്കറ്റ് കീപ്പർ അലക്സ് കാരിയുമായി (46) ചേർന്ന് ടീമിനെ നാണക്കേടിൽ നിന്ന് കരകയറ്റുകയായിരുന്നു. മാക്സ്‍വെൽ 22 റൺസെടുത്ത് പുറത്തായി. സ്റ്റോണിസ് പൂജ്യനായി മടങ്ങിയപ്പോൾ, സ്റ്റാർക്ക് 29 റൺസെടുത്തു.

ഞായറാഴ്ച വൈകിട്ട് മൂന്നിന് ലോട്സ് സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്-ന്യൂസിലൻഡ് പോരാട്ടം നടക്കുക. കെയ്ൻ വില്യംസണിന്‍റെ നേതൃത്വത്തിൽ ന്യൂസിലൻഡും ഇയോൺ മോർഗന്‍റെ നായകത്വത്തിൽ ഇംഗ്ലണ്ടും നേർക്ക് നേർ വരുമ്പോൾ ഇരുവരും വിജയത്തിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ല.

സെമിഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിവീസുകൾ‌ കലാശപോരാട്ടത്തിന് സജ്ജമാകുന്നത്. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്‍റെ ഫൈനൽ പ്രവേശം. വളരെ ആവേശകരമായ ഒരു ഫൈനൽ പോരാട്ടത്തിനാണ് ഞായറാഴ്ച ക്രിക്കറ്റ് ലോകം സാക്ഷികളാകാൻ പോകുന്നത്.