എന്നെയാരും പുറത്താക്കിയില്ല; ദിലീപിനെ പുറത്താക്കിയെന്ന മോഹന്‍ലാലിന്റെ വാദം പൊളിയുന്നു

0

ദിലീപിന്റെ രാജി സംബന്ധിച്ച് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ നിരത്തിയ വാദങ്ങള്‍ പൊളിയുന്നു. താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവെച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജില്‍ ഇന്ന് നല്‍കിയിട്ടുള്ള കുറിപ്പിനൊപ്പമാണ് തന്റെ രാജിക്കത്ത് ദിലീപ് ചേര്‍ത്തിട്ടുള്ളത്.  സംഘടന ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് നേരത്തെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ദിലീപിന്റെ വെളിപ്പെടുത്തലോടെ ഇത് കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.


വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജിവച്ചതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. മനസറിയാത്ത കാര്യത്തിന് താന്‍ വേട്ടയാടപ്പെടുകയാണെന്നും ദിലീപ് എഴുതിയ രാജികത്തില്‍ പറയുന്നു. അമ്മയുടെ സഹായം കൊണ്ട് ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ ആവശ്യപ്പെടുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ദിലീപ് തന്നെയാണ് കത്ത് പുറത്തുവിട്ടത്. 

അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്, ദിലീപ് വ്യക്തമാക്കി.