യുഎസ്– ഡൽഹി വിമാനത്തിലെ സീറ്റിൽ മദ്യ ലഹരിയിൽ മൂത്രമൊഴിച്ചു; മാപ്പ് പറഞ്ഞ് വിദ്യാർഥി

0

ന്യൂഡൽഹി: മദ്യപിച്ചെത്തിയ വിദ്യാർഥി അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ സീറ്റിൽ മൂത്രമൊഴിച്ചു. യുഎസിലെ യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് ന്യൂയോർക്കിൽനിന്ന് എഎ292 വിമാനത്തിൽ ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ മൂത്രമൊഴിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഉറക്കത്തിനിടെ മൂത്രമൊഴിച്ചതെന്നാണ് വിവരം. മൂത്രം സഹയാത്രികന്റെ മേൽ പതിച്ചിരുന്നു.

തുടർന്ന്, ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ വിദ്യാർഥിയെ ഉടൻ തന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഡൽഹി പൊലീസിന് കൈമാറി. സംഭവം തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചേക്കാമെന്നതിനാൽ, സഹയാത്രികനോടും എയർലൈൻ ജീവനക്കാരോടും ഇയാൾ ക്ഷമാപണം നടത്തിയതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. പൊലീസ് മൊഴി രേഖപ്പെടുത്തിവരികയാണെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് പൊലീസിനെ എയർലൈനും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വ്യോമയാന നിയമങ്ങൾ അനുസരിച്ച്, ഒരു യാത്രക്കാരൻ അച്ചടക്കലംഘനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ക്രിമിനൽ നിയമപ്രകാരമുള്ള നടപടിക്ക് പുറമേ, കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് നിശ്ചിത സമയത്തേക്ക് വിമാനയാത്രയ്ക്ക് വിലക്കുണ്ടാകും. കഴിഞ്ഞ വർഷം എയർ ഇന്ത്യ വിമാനത്തിൽ ന്യൂയോർക്കിൽനിന്നു ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു ശങ്കർ മിശ്ര എന്നയാൾ മൂത്രമൊഴിച്ച സംഭവം വിവാദമായിരുന്നു.