

ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ പ്രേത സ്റ്റേഷന്‍ എന്നറിയപ്പെടുന്ന റെയില്‍വേ സ്റ്റേഷന്‍ ഏതാണെന്ന് അറിയാമോ ? വെറുതെയല്ല അങ്ങനെയൊരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടത്രേ. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെഗുന്‍ കോഡാര്‍ സ്റ്റേഷനാണ് പ്രേതങ്ങള്‍ അലയുന്നതായി ഒട്ടുമിക്കവരും വിശ്വസിക്കുന്ന ആ സ്ഥലം.
ഒരു കാലത്ത് യാത്രക്കാരുടെ ബാഹുല്യംമൂലം നിറഞ്ഞ് കവിഞ്ഞിരുന്ന ഈ സ്‌റ്റേഷന്‍ പ്രേതബാധയുണ്ടെന്ന ഓരൊറ്റക്കാരണത്താല്‍ ഇന്ന് ആളൊഴിഞ്ഞുകിടക്കുന്നു. വല്ലപ്പോഴും നീണ്ട ചൂളമടിച്ച് പാളങ്ങളില്‍ കൂടി നിരങ്ങി നീങ്ങുന്ന ട്രെയിനുകളല്ലാതെ സന്ധ്യസമയങ്ങളില്‍ ഇവിടേക്കാരും എത്താറുമില്ല.
1960 ലാണ് ഈ സ്റ്റേഷന്റെ പ്രേതചരിത്രം ആരംഭിക്കുന്നത്. അന്ന് ഈ പ്രദേശം ഭരിച്ചിരുന്ന സന്താള്‍ ഗോത്രവര്‍ഗത്തിന്റെ രാജ്ഞി ലച്ചന്‍ കുമാരിയാണ് റെയില്‍വെ സ്‌റ്റേഷന് വേണ്ടി ഭൂമി വിട്ടു നല്‍കിയത്. അന്ന് ഇവിടെയുണ്ടായിരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വെ ട്രാക്കില്‍ വെള്ളസാരിയുടുത്ത സ്ത്രീ രൂപത്തെ കണ്ടത് റിപ്പോര്‍ട്ട് ചെയ്തു. പിറ്റേന്ന് കാണുന്നത് ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ സ്റ്റേഷനില്‍ കിടക്കുന്ന സ്‌റ്റേഷന്‍ മാസ്റ്ററെയാണ്.വെള്ളസാരിയുടുത്ത പ്രേതത്തിന്റെയും ബെന്‍ഗുന്‍ കോഡാര്‍ സ്‌റ്റേഷന്റെയും നിറം പിടിപ്പിച്ച കഥകള്‍ അന്ന് മുതല്‍ നാടു മുഴുവന്‍ പരക്കാന്‍ തുടങ്ങി. പിന്നാലെ യാത്രക്കാരും ഇന്ത്യന്‍ റെയില്‍വെയും കൈയൊഴിഞ്ഞ ബെഗുന്‍ കോഡാര്‍ ഗോണ്ടഡ് റെയില്‍വെ സ്‌റ്റേഷന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. സ്റ്റേഷന്റെ പരിസരത്തേക്ക് പകല്‍ വെളിച്ചത്തില്‍ പോലും ആരും പോകാതായി. രാത്രി കാലങ്ങളില്‍ ഇവിടേക്ക് പോകാന്‍ ധൈര്യം കാണിച്ചവരെ പിന്നീട് കണ്ടിട്ടില്ല എന്നാണു കഥ.