24 കാരറ്റ് ഇറ്റാലിയന്‍ സ്വര്‍ണത്തിലൊരു കാപ്പി കുടിക്കാന്‍ ദുബായിലേക്ക് വന്നോളൂ

0

ദുബായിലെ ബുര്‍ജുല്‍ അറബ് ഹോട്ടലില്‍ ചെന്നാല്‍ സവിശേഷമായ ഒരു പാനീയം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അവിടത്തെ ഗോള്‍ഡ് കപ്പുച്ചിനോ കഫേയിലെത്തിയാല്‍ അറബ് ആതിഥ്യത്തിന്റേയും ഇറ്റാലിയന്‍ രുചിയുടേയും രൂപത്തില്‍ സ്വര്‍ണക്കാപ്പി നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

24 കാരറ്റ് ഇറ്റാലിയന്‍ സ്വര്‍ണമാണ് കാപ്പിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത്. കാപ്പിയുടെ മുകളില്‍ കൊതിപ്പിച്ചുനില്‍ക്കുന്ന പതക്ക് സ്വര്‍ണവര്‍ണമാണ്. 85 ദിര്‍ഹമാണ് കോഫിയുടെ വില.

എമിറേറ്റ്‌സ് പാലസില്‍ 50 ദിര്‍ഹമിന് കിട്ടുന്ന സ്വര്‍ണക്കാപ്പിയെക്കാള്‍ കൂടുതല്‍ സ്വര്‍ണമടങ്ങിയിട്ടുണ്ട് ബുര്‍ജുല്‍ അറബിലെ കാപ്പിയില്‍. ഭക്ഷിക്കാവുന്ന രൂപത്തിലുള്ള സ്വര്‍ണമാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്. ദുബായിലെ അര്‍മാനി ഹോട്ടലും 75 ദിര്‍ഹമിന് സ്വര്‍ണക്കാപ്പി വാഗ്ദാനം ചെയ്യുന്നുണ്ട്.
തുറക്കുന്ന കാലത്ത് ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായിരുന്നു ബുര്‍ജുല്‍ അറബ്. കണ്ണഞ്ചിപ്പിക്കുന്ന ഇന്റീറിയറും മറ്റ്  ആഡംബര സൗകര്യങ്ങളും ഇന്നും ഹോട്ടലിനെ ലോകത്തെ മുന്‍നിര ഹോട്ടലുകളില്‍ ഒന്നായി നിലനിര്‍ത്തിയിട്ടുണ്ട്.