ഐ.പി.എല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്

0

15-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി സീസണിൽ, കന്നി കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കാന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. 17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തിൽ 34 റൺസ് നേടുകയും ചെയ്ത ഹാർദിക് തന്നെ ഫൈനലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗുജറാത്തിനെ മുന്നിൽ നിന്നും നയിച്ചത്.

131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി വൃദ്ധിമാന്‍ സാഹയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് പിഴുതു. അഞ്ചു റണ്‍സെടുത്ത സാഹയെ തകര്‍പ്പന്‍ പന്തിലൂടെ പ്രസിദ്ധ് ക്ലീന്‍ ബൗള്‍ഡാക്കി. 5–ാം ഓവറിൽ മാത്യു വെയ്ഡിനെ (10 പന്തിൽ ഒരു സിക്സ് അടക്കം 8) റിയാൻ പരാഗിന്റെ കൈകളിലെത്തിച്ച ട്രെന്റ് ബോൾട്ട് രാജസ്ഥാനു 2–ാം ബ്രേക്കും നൽകി.

ഇതോടെ രാജസ്ഥാന്‍ ഗുജറാത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി. എന്നാൽ പവർപ്ലേ ഓവറുകൾ അവസാനിച്ചതോടെ ഗില്ലും പാണ്ഡ്യയും ചേർന്ന് ഗുജറാത്ത് ഇന്നിങ്സ് മുന്നോട്ടു നീക്കി. 30 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 34 റണ്‍സ് നേടി നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ചാണ് ഗുജറാത്ത് നായകന്‍ ക്രീസ് വിട്ടത്.

പാണ്ഡ്യയ്ക്ക് പകരം എത്തിയ മില്ലര്‍ അനായാസം ബാറ്റ് ചെയ്യാന്‍ ആരംഭിച്ചതോടെ രാജസ്ഥാന്റെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചു. 18-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സടിച്ചുകൊണ്ട് ഗില്‍ ഗുജറാത്തിന് കന്നി ഐ.പി.എല്‍ കിരീടം നേടിക്കൊടുത്തു. നേരത്തെ ടീമിലെ ബാറ്റിംഗ് കരുത്തിൽ പ്രതീക്ഷ അർപ്പിച്ചാണു ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തെരഞ്ഞടുത്തതെങ്കിലും രാജസ്ഥാൻ ടോട്ടൽ 130ൽ അവസാനിച്ചു. ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനു വേണ്ടി ഐപിഎൽ കിരീടം ഉയർത്താൻ സഞ്ജു സാംസണും രാജസ്ഥാനും ഇനിയും കാത്തിരിക്കാം.