രാജ്യത്ത് കൊവിഡ് മരണം നാൽപ്പതിനായിരം കടന്നു; 24 മണിക്കൂറിനിടെ 56,282 രോഗബാധിതർ

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയി.

904 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം നാൽപ്പതിനായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇത് വരെ 40,699 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.2.07 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.

13,28,337 പേരാണ് ഇതുവരെ രോഗമുക്തരായത്. 67.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 5,95,501 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്.

മഹാരാഷ്ട്രയിൽ 10,309, ആന്ധ്രയിൽ 10,128, കർണാടകയിൽ 5,619 എന്നിങ്ങനെയാണ് പ്രതിദിന രോഗികളുടെ എണ്ണം. തമിഴ്നാട്ടില്‍ 5,175 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് ബാധിതരിൽ 80% പത്തു സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. കൊവിഡ് മരണങ്ങളിൽ അൻപത് ശതമാനം ആറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.