ലണ്ടനിൽ മലയാളി യുവതിയെ കുത്തിയത് ഹൈദരാബാദ് സ്വദേശി

1

മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ്ഹാമിലെ ബാർക്കിംങ് റോഡിലുള്ള സൗത്ത് ഇന്ത്യൻ റസ്റ്ററന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്. യുവാവിന്റെ കഠാരയാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി യുവതി അപകടനില തരണം ചെയ്തെങ്കിലും ഇപ്പോഴും ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് ബാർക്കിംങ് റോഡിലെ ‘ഹൈദ്രാബാദ് വാല’ എന്ന എന്ന ദക്ഷിണേന്ത്യൻ റസ്റ്ററന്റിൽ ഇന്ത്യക്കാരനായ യുവാവ് റസ്റ്ററന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ നിരവധി തവണ കുത്തി പരിക്കേൽപിച്ചത്. ഹോട്ടലിൽ കസ്റ്റമർ എന്ന വ്യാജേന എത്തിയ യുവാവ് യുവതിയെ ബലമായി കീഴ്പെടുത്തി കുത്തി പരിക്കേൽപിക്കുകയായിരുന്നു.

അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റ് ജീവനക്കാർക്കു നേരെയും ഇയാൾ കത്തിവീശി. ഇവർ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് പിന്നീട് റസ്റ്ററന്റിൽ നിന്നും ഓടി രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റൻ പൊലീസ് സമീപത്തുനിന്നും ഇയാളെ പിടികൂടുകയായിരുന്നു.