ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

0

ഖ‍ർഖീവ്: യുദ്ധം അരങ്ങേറുന്ന യുക്രൈനിലെ ഖ‍ർഖീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാ‍ർത്ഥിയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഖർഖീവിൽ കുടുങ്ങിയ മലയാളി വിദ്യാ‍ർത്ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോൾ ആണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൌസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.

ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീൻ്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു.

റഷ്യൻ അതി‍ർത്തിയോട് ചേർന്ന് കിടക്കുന്ന ഖർഖീവ് ന​ഗരത്തിൽ തുടക്കം മുതൽ റഷ്യ കടുത്ത ആക്രമണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഷെല്ലാക്രമണത്തിന് അൽപം ശമനം വന്നതോടെ വിദ്യാ‍ർത്ഥികൾ പലരും പുറത്തിറങ്ങുകയും ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു. ചില വിദ്യാ‍ർത്ഥികൾ ഖാർഖീവിൽ നിന്നും ട്രെയിൻ പിടിച്ച് പടിഞ്ഞാറൻ ന​ഗരമായ ലീവിവിലേക്ക് മാറ്റാനും ആലോചിച്ചിരുന്നു. ആറ് ദിവസമായി ഖർഖീവിലെ ഷെൽട്ടറുകളിൽ അഭയംപ്രാപിച്ച ഇന്ത്യൻ വിദ്യാത്ഥികൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടതോടെ ഇന്നും ഇന്നലെയുമായി പുറത്തേക്ക് ഇറങ്ങിയത് എന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത വരാനുണ്ട്.

കീവ്,ഖ‍ാർഖീവ്, സുമി ന​ഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാ‍ർത്ഥികളോട് അവിടെ തന്നെ തുടരാൻ ആണ് നേരത്തെ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. എന്നാൽ റഷ്യൻ സൈന്യത്തിൻ്റെ വൻപട കീവിലേക്ക് തിരിച്ചെന്ന വാർത്ത വന്നതോടെ കീവിലെ വിദ്യാ‍ർത്ഥികളോട് എത്രയും പെട്ടെന്ന് പടിഞ്ഞാറൻ അതിർത്തിയിലേക്ക് നീങ്ങാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഖർഖീവിലുള്ളവരോട് അവിടെ തുടരാൻ തന്നെയാണ് നിർദേശിച്ചിത്. ഖർവീവ് ന​ഗരം റഷ്യയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ വിദ്യാ‍ർത്ഥികൾ റഷ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം നിർദേശിച്ചിരുന്നു.