ഇന്ത്യൻ വിദ്യാർഥികൾക്ക് ക്യാനഡയോടു പ്രിയം കുറയുന്നു

0

ന്യൂഡല്‍ഹി: ഉപരി പഠനത്തിനു ക്യാനഡയില്‍ പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 2022ലേതിനെ അപേക്ഷിച്ച് 2023ല്‍ വിസ അപേക്ഷകള്‍ 40% കുറഞ്ഞുവെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്. 2022 ജൂലൈയ്ക്കും ഒക്ടോബറിനും ഇടയില്‍, കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാർഥികള്‍ക്കായി ഏകദേശം 1,46,000 പുതിയ സ്റ്റുഡന്‍റ് വിസകള്‍ അനുവദിച്ചിരുന്നു. 2023ൽ ഇതേ കാലയളവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് 87,000 ല്‍ താഴെ പേര്‍ക്ക് മാത്രമാണ്.

2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ ഇന്ത്യന്‍ വിദ്യാർഥികള്‍ക്കുള്ള സ്റ്റുഡന്‍റ് വിസ പ്രോസസിങ്ങില്‍ അറുപതിനായിരത്തിന്‍റെ കുറവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.

കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള പ്രചരണവും ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഇടര്‍ച്ചയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും ആശ്രയിക്കണമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ തന്നെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, അപേക്ഷകളില്‍ കുറവുണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 32,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ കാനഡയില്‍ പഠിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

2022ല്‍, 184 രാജ്യങ്ങളില്‍ നിന്നുള്ള 5,51,405 വിദ്യാര്‍ഥികളെയാണ് ക്യാനഡ സ്വീകരിച്ചത്. അതിൽ ഏറ്റവും കൂടുതൽ, അതായത്, 2,26,450 പേര്‍ ഇന്ത്യയിൽനിന്നായിരുന്നു.

ഇതിനിടെ, തൊഴിലില്ലായ്മയും വീട് ലഭ്യതക്കുറവും വര്‍ധിക്കുന്ന സാഹചര്യത്തിൽ കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിനു പരിധി ഏര്‍പ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.