ഐപിഎൽ: ഇന്ന് ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ

0

ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ആറാമതും ഏഴാമതുമുള്ള ടീമുകൾക്ക് ഇന്നത്തെ കളി വളരെ നിർണായകമാണ്. ഇന്ന് വിജയിക്കുന്ന ടീമിന് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത പോലുമുണ്ട്.

ഡൽഹി ക്യാപിറ്റൽസിനെതിരെ ആധികാരിക ജയം നേടിയതിൻ്റെ ആത്‌മവിശ്വാസത്തിലാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ടെങ്കിലും ബാംഗ്ലൂർ കരുത്തരായി വരുന്നു. വിരാട് കോലി, മുഹമ്മദ് സിറാജ് എന്നിവരുടെ പ്രകടനങ്ങളാണ് ടീമിൻ്റെ നട്ടെല്ല്. ഗ്ലെൻ മാക്സ്‌വലും ചില മത്സരങ്ങളിൽ തിളങ്ങി. ഹർഷൽ പട്ടേലും ദിനേശ് കാർത്തികും നിരാശപ്പെടുത്തുമ്പോൾ വെയിൻ പാർനൽ മികച്ച പ്രകടനം നടത്തുന്നു. കഴിഞ്ഞ കളി അരങ്ങേറിയ വിശാഖ് വിജയകുമാറിൻ്റെ പ്രകടനവും പോസിറ്റീവാണ്. ജോഷ് ഹേസൽവുഡിന് ടീമിൽ ഇടം ലഭിച്ചേക്കില്ല. എങ്കിലും പാർനലിനെ പുറത്തിരുത്തി ഹേസൽവുഡിനെ കൊണ്ടുവരിക എന്ന തന്ത്രം മാറ്റിനിർത്താനാവില്ല.

ചെന്നൈ സൂപ്പർ കിംഗ്സ് ഏറെക്കുറെ സെറ്റാണ്. ബാറ്റിംഗ് നിരയാകെ ഫോമിലാണ്. പ്രകടനങ്ങളിൽ സ്ഥിരതക്കുറവുണ്ടെങ്കിലും ഏറെക്കുറെ ബാറ്റിംഗ് ഭദ്രമാണ്. ബൗളിംഗ് നിരയാണ് നിരാശപ്പെടുത്തുന്നത്. എന്നാൽ, അത് പരിഹരിക്കാൻ പറ്റിയ റിസോഴ്സുകൾ ചെന്നൈയിൽ ഇല്ല താനും. ടീമിൽ മാറ്റമുണ്ടായേക്കില്ല.