ഇറോം ശർമിളയ്ക്ക് ഇരട്ടകുട്ടികൾ

0

ബെംഗളൂരു: മണിപ്പൂർ സമരനായിക ഇറോം ശർമിളയ്ക്ക് ഇരട്ട പെൺകുഞ്ഞുങ്ങൾ പിറന്നു. ബെംഗളൂരുവിലെ ക്ലൗഡ് നയന്‍ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 9.21ഓടെയാണ് 46കാരിയായ ഇറോമിന് ഇരട്ടക്കുട്ടികള്‍ പിറന്നത്.ഒരു മിനിട്ടിന്റെ വ്യത്യാസത്തിൽ പിറന്ന കുഞ്ഞുങ്ങളുടെ പേര് നിക്‌സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും കുട്ടികളുടേയും അമ്മയുടേയും ചിത്രം വൈകാതെ പുറത്തുവിടുമെന്നും ക്ലൗഡ് നയൻ ആശുപത്രി അധികൃതർ അറിയിച്ചു.

മാതൃദിനത്തിൽ തന്നെ കുഞ്ഞുങ്ങൾ പിറന്നത് ഏറെ യാദൃശ്ചികമാണെന്ന് ഇറോമിന്റെ ഡോക്ടർ പറഞ്ഞു. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ചാനു ശർമിള 2017ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം ചെയ്തത്. ഇറോമും ഭര്‍ത്താവ് ഡെസ്‌മോണ്ട് കുടിഞ്ഞോയും ഏറെ സന്തോഷത്തിലാണെന്നും ഇറോമിന്റെ ഡോക്ടര്‍ ശ്രീപാദ വിനേകര്‍ പറഞ്ഞു.

മണിപ്പൂരില്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിനെതിരേ വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് ഇറോം ശര്‍മിള. 2000 നവംബര്‍ രണ്ട് മുതല്‍ 16 വര്‍ഷം നീണ്ട നിരാഹാര സമരം തുടര്‍ന്നിട്ടും ഭരണ കൂടത്തില്‍ നിന്നും അനുകൂല പ്രതികരണമുണ്ടാവാത്ത സാഹചര്യത്തില്‍ ഇറോം സമരം അവസാനിപ്പിച്ചു.