കണ്ണൂരിന് ഈ വർഷത്തെ ഓണസമ്മാനമായി വിമാനത്താവളം, സിൽക്ക് എയറും എയർ ഏഷ്യയും ലിസ്റ്റിൽ

0

 

കണ്ണൂര്‍: കണ്ണൂരിന്റെ ആകാശസ്വപ്‌നങ്ങള്‍ പൂർത്തിയാവാൻ ഇനി ഏതാനും മാസങ്ങൾ. നിര്‍ദ്ദിഷ്ട പദ്ധതിപ്രദേശത്ത് നിര്‍മ്മാണപ്രവൃത്തികള്‍ തകൃതിയായി നടക്കുന്നു.

പ്രധാനപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്ന് കിയാല്‍ എംഡി വി.തുളസീദാസ് പറഞ്ഞു. ആസൂത്രണം ചെയ്ത രീതിയില്‍ത്തന്നെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി മുന്നോട്ട് പോകുന്നതായും ഡയര്ടക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരത്തിനുള്ള അപേക്ഷ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറക്കുതന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരമലബാറുകാര്‍ക്ക് ഓണസമ്മാനമായി വിമാനത്താവളം സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്തംബറോടെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനുളള ഒരുക്കളാണ് നടക്കുന്നത്. വിവിധ കേന്ദ്ര ഏജന്‍സികള്‍ വിമാനത്താവളത്തിന്റെ സുരക്ഷാസംവിധാനം ഉള്‍പ്പെടെയുളളവ പരിശോധിച്ച ശേഷമാണ് സര്‍വ്വീസ് തുടങ്ങാനുളള അനുമതി കേന്ദ്ര സിവില്‍ വ്യോമയാനവകുപ്പ് കമ്പനി അധികൃതര്‍ നല്‍കുക. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെയും എടിസി കെട്ടിടത്തിന്റെയും നിര്‍മ്മാണം 85 ശതമാനം പൂര്‍ത്തിയായി. പാസഞ്ചര്‍ കെട്ടിടത്തിന്റെ ഗ്ലാസ് കൊണ്ടുളള മുന്‍വശത്തിന്റെയും മേല്‍ക്കൂരയുടേയും ജോലി പുരോഗമിക്കുകയാണ്. ചെക്കിന്‍ കൗണ്ടറുകള്‍, ലൈറ്റിംഗ് സംവിധാനം, എയര്‍കണ്ടീഷന്‍ എന്നിവയുടെ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.

സര്‍വ്വീസ് തുടങ്ങുന്നത് സംബന്ധിച്ച് 20 ഓളം ദേശീയ-അന്തര്‍ദ്ദേശീയ കമ്പനികളുമായി കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കിയാല്‍ എംഡി പറഞ്ഞു.എയര്‍ ഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ്, ഫ്ളൈ ദുബായ്, ഖത്തര്‍ എയര്‍വേയ്സ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ജെറ്റ് എയര്‍വേയ്സ്, സില്‍ക്ക് എയര്‍, സ്പൈസ് ജെറ്റ്, എയര്‍ഇന്ത്യ എക്സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ, ഗോ എയര്‍, ഇന്‍ഡിഗോ തുടങ്ങിയവയാണ് ഈ കന്പിനികൾ.

എയ്‌റോ ബ്രിഡ്ജുകളും ഘടിപ്പിക്കുന്നതിനുളള ട്രസ്സുകളുടെ നിര്‍മ്മാണം ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍വശത്ത് തുടങ്ങിയിട്ടുണ്ട്. മൂന്ന് നിലകളുളള കെട്ടിടത്തിലേക്ക് രണ്ട് മേല്‍പാലങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ടു നിലയുളള കെട്ടിടം വൈകാതെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും. വിമാനങ്ങളെ നിയന്ത്രിക്കാനുളള കേന്ദ്രമാണ് ഇത്. റണ്‍വേയോട് ചേര്‍ന്ന് ഐസോലേഷന്‍ബേയും നിര്‍മ്മിച്ചു കഴിഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ കൂറ്റന്‍ മേല്‍പാലത്തിയൂടെയാണ് ടെര്‍മിനല്‍ കെട്ടിടത്തിനു മുന്നില്‍ എത്തുക. പാലം നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.

പ്രവര്‍ത്തനം തുടങ്ങാനാവശ്യമുളള 3050 മീറ്റര്‍ റണ്‍വേ നേരത്തെ തന്നെ വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. റണ്‍വേയോട് ചേര്‍ന്നുളള ഐസലേഷന്‍ വേയും നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. 20 വിമാനങ്ങളെ ഉള്‍ക്കൊളളാന്‍ സൗകര്യമുളളതാണ് ഏപ്രണ്‍ ഏരിയ.
900 മീറ്റര്‍ വിസ്തൃതിയില്‍ ലൈറ്റ് അപ്രോച്ച് നിര്‍മ്മിക്കേണ്ടതുണ്ട്. കെഎസ്ഇബി സബ്ബ്‌സ്‌റ്‌റേഷനുകള്‍, ഫയര്‍ സ്‌റ്റേഷന്‍ എന്നിവയും പദ്ധതി പ്രദേശത്ത് പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു. രണ്ട് അഗ്നിരക്ഷാ കേന്ദ്രങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓസ്ട്രിയയില്‍ നിന്ന് എത്തിച്ച അത്യാധുനിക ഫയര്‍ എഞ്ചിനുകള്‍ കമ്മീഷന്‍ ചെയ്തു കഴിഞ്ഞു.

5 കോടി രൂപ വില വരുന്ന നാല് എയര്‍പോര്‍ട്ട് ക്രാഷ് ഫയര്‍ ടെണ്ടറുകളാണ് എത്തിച്ചിരിക്കുന്നത്. ബിപിസിഎല്ലിന്റെ ഇന്ധന സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്.കാലാവസ്ഥാ നിരീക്ഷണത്തിനുളള ഉപകരണങ്ങള്‍ പൂനയില്‍ നിന്ന് വൈകാതെ വിമാനത്താവള പ്രദേശത്ത് എത്തും. കസ്റ്റംസ് എമിഗ്രേഷന്‍ വിഭാഗങ്ങളും പ്രവര്‍ത്തനം തുടങ്ങും. ഇതിന് മുന്നോടിയായി കസ്റ്റംസ് അധികൃതര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. പ്രതിരോധ മേഖലയ്ക്ക് പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.

റണ്‍വേ 4000 മീറ്ററാക്കി വികസിപ്പിക്കാനുളള സര്‍വ്വേ നടത്തിയിരുന്നു. കഴിഞ്ഞ ഫിബ്രവരി 29ന് റണ്‍വേയില്‍ ആദ്യമായി വിമാനമിറക്കി പിരീക്ഷണ പറക്കലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. വ്യേമ സേനയുടെ ഡോണിയര്‍ 228 ചെറു വിമാനമാണ് അന്ന് ആദ്യമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.