കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു; ഓണത്തിന് നാട്ടിലെത്താനാകാതെ ബാംഗ്ലൂര്‍ മലയാളികള്‍

0

കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ നാട്ടില്‍ എത്താതെ വലയുന്നത് പാവം ബാംഗ്ലൂര്‍ മലയാളികള്‍.കര്‍ണാടകയിലും തമിഴ്‌നാട്ടിലും പരക്കെ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്.അക്രമം രൂക്ഷമായതോടെ ബംഗ്‌ളൂരു മൈസൂര്‍ റോഡ് അടച്ചു. ബംഗ്‌ളൂരുവില്‍ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

മതിയായ സുരക്ഷയില്ലെങ്കില്‍ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ പാലക്കാടോ സുല്‍ത്താന്‍ ബത്തേരിയിലോ യാത്ര അവസാനിപ്പിക്കും. ഇതോടെ മലയാളികളുടെ ഓണം യാത്രയും അനിശ്ചിതത്വത്തിലായി. സുരക്ഷ ഉറപ്പായാല്‍‍ കെഎസ് ആര്‍ടിസി സര്‍വ്വീസ് തുടങ്ങുമെന്ന് കെഎസ് ആര്‍ടിസി എംഡി അറിയിച്ചിട്ടുണ്ട്.അക്രമം വ്യാപകമായതിനെ തുടര്‍ന്ന് സംഘര്‍ഷ പ്രദേശങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിച്ചു.

തര്‍ക്ക പ്രശ്‌നത്തില്‍ 12,000 അടി വെള്ളം തമിഴ്‌നാടിനു വിട്ടു നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ് ഇരു സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ വ്യാപകമാകുന്നത്. തമിഴ്‌നാട് റജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ വ്യാപക അക്രമം. തമിഴ്‌നാട് സര്‍ക്കാര്‍ കോര്‍പറേഷനുകളുടെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തമിഴ്‌നാട്ടുകാരുടെ ചില ഹോട്ടലുകള്‍ക്കു നേരെയും ആക്രമണമുണ്ടായിട്ടുണ്ട് . സംഘര്‍ഷത്തെത്തുടര്‍ന്ന് ബംഗ്‌ളൂരു നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു കഴിഞ്ഞു.  ബംഗ്‌ളൂരുവില്‍ സ്‌കൂളുകളും കോളജുകളും അടച്ചു. മെട്രോ സര്‍വീസുകളും തടസപ്പെട്ടു.വ്യാപകമായ അക്രമത്തില്‍ നിരവധി ബസ്സുകളും ലോറികളും ആണ് പ്രതിഷേധക്കാര്‍ അഗ്നിനിക്ക് ഇരയാക്കിയത്.