യുഎഇയില്‍ പ്രവാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു

0

ഷാര്‍ജ: യുഎഇയില്‍ പ്രവാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കരുണാപുരം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയന്റെ മകന്‍ ടി.വി വിഷ്‍ണു (29) ആണ് മരിച്ചത്. ഷാര്‍ജ അബൂഷഹാലയിലെ കെട്ടിടത്തിന് താഴെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്.

നൈജീരിയക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വിഷ്ണു കൊല്ലപ്പെട്ടത്. നൈജീരിയന്‍ സ്വദേശികള്‍ തമ്മിലുണ്ടായ വഴക്ക് ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 13 നൈജീരിയക്കാര്‍ക്ക് ഗുരുതര പരിക്കേറ്റതായി ഷാര്‍ജ പൊലീസ് അറിയിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് നൈജീരിയക്കാര്‍ ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. എന്നാല്‍ കൊല്ലപ്പെട്ട മലയാളി യുവാവ് എന്തിനാണ് ഇവിടെ എത്തിയതെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.

സംഘര്‍ഷത്തിനിടയില്‍പ്പെട്ട യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നെന്ന് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് 2.30യ്ക്കാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും വീഴ്ചയുടെ ആഘാതത്തില്‍ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പരിശോധനയ്ക്കായി മൃതദേഹം ആശുപത്രിയിലെത്തിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നൈജീരിയക്കാര്‍ ആക്രമണത്തിനായി കത്തിയും വടികളും ഉപയോഗിച്ചിരുന്നെന്ന ആരോപണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഘര്‍ഷത്തില്‍ പരിക്കേറ്റ നൈജീരിയക്കാരെ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരെ പരിക്കുകള്‍ ഭേദമായതോടെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്നു വര്‍ഷമായി ഒരു മെന്‍സ് സലൂണില്‍ ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട വിഷ്‍ണുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്ന ചൊവ്വാഴ്ച ലീവായിരുന്നതിനാല്‍ യുവാവ് ജോലിക്ക് പോയിരുന്നില്ല.