കൂടത്തായി മരണം: മരിച്ച റോയിയുടെ ഭാര്യ ജോളിയും ജ്വല്ലറി ജീവനക്കാരനും പോലീസ് കസ്റ്റഡിയില്‍

0

കോഴിക്കോട്∙ കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെ 6 പേരുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ വീട്ടിലെത്തിയാണ് പൊലീസ് ജോളിയെ കസ്റ്റഡിയിൽ എടുത്തത്. ഇവർ കുറ്റസമ്മതം നടത്തിയതായാണ് സൂചന. തുടർച്ചയായി ജോളിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ഒന്നും വിട്ടുപറയുന്നില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

നിലവില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും മറ്റ് അഞ്ച് മരണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ. ജ്വല്ലറി ജീവനക്കാരനായ ബന്ധുവിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ജോളിക്കു സയനൈഡ് നല്‍കിയെന്നു സംശയിക്കുന്ന ജ്വല്ലറി ജീവനക്കാരനെയുംപൊലീസ് കസ്റ്റഡിയിലെടുത്തു.

റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സയനൈഡ് നല്‍കിയത് ജ്വല്ലറി ജീവനക്കാരനാണെന്നാണ് നിഗമനം. ഇയാള്‍ക്കും ഈ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നാണ് സൂചന.ഡി.എന്‍.എ പരിശോധനഫലം ലഭിക്കാന്‍ ഒരുമാസം സമയമെടുക്കും. ഡി.എന്‍എ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റു അഞ്ച് മരണങ്ങള്‍ എങ്ങനെ നടന്നുവെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. മരണത്തിലെ സമാനതയാണു കൊലപാതകമെന്ന സാധ്യതയിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്.