ബന്ധുനിയമനം; മന്ത്രി കെ.ടി. ജലീൽ രാജിവച്ചു

0

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.

ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയിൽ പറഞ്ഞിരുന്നു. തുടർന്ന് കെ.ടി ജലീലിന് രാജിവയ്ക്കാൻ സമ്മർദമുണ്ടായിരുന്നു.

ഇതോടെ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയായി കെ.ടി ജലീൽ. നേരത്തെ മന്ത്രിമാരായ ഇ.പി ജയരാജൻ, മാത്യു ടി തോമസ്, എ.കെ ശശീന്ദ്രൻ എന്നിവർ രാജിവച്ചിരുന്നു.