ലിജോ ജോസിന്റെ ജല്ലിക്കട്ട്‌ ഓസ്കറിലേക്ക്; അഭിനന്ദനവുമായി സിനിമാലോകം

0

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്ന സിനിമ ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക ഓസ്‌കാർ എൻട്രി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഏപ്രിൽ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്കാര ചടങ്ങ് നടക്കുക.

1997–ൽ ഗുരു, 2011–ൽ ആദാമിന്റെ മകൻ അബു എന്നീ സിനിമകളാണ് ഇതിനു മുമ്പ് ഓസ്‌കാർ എൻട്രി ലഭിച്ച മലയാള സിനിമകൾ. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെയുള്ള നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിരുന്നു. ഗോവൻ ചലച്ചിത്ര മേളയിൽ‌ രജതമയൂരം നേടിയതും ജെല്ലിക്കെട്ടാണ്. ഐഎഫ്എഫ്കെ 2019–ലും സിനിമ നേട്ടങ്ങൾ കരസ്ഥമാക്കി.

ഒരു ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിൽ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു. മികച്ച സൗണ്ട് മിക്സിംഗിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജല്ലിക്കട്ടിലൂടെ കണ്ണൻ ഗണപതിയും സ്വന്തമാക്കി.

ഇപ്പോഴിതാ ലിജോ ജോസിനും ജല്ലിക്കട്ടിന്റെ എല്ലാ ടീം അം​ഗങ്ങൾക്കും അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമാ താരങ്ങൾ. പൃഥ്വിരാജ്, മഞ്ജുവാര്യർ, ആസിഫ് അലി, വിജയ് ബാബു, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങി നിരവധി പേരാണ് ജല്ലിക്കട്ട് ടീമിന് അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. അഭിമാന നിമിഷമെന്നാണ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.