ബലാത്സംഗ കേസ്‌ പ്രതികളെ ഷണ്ഡീകരിക്കും; പാകിസ്താനില്‍ കര്‍ശനനിയമം ഉടനെ പ്രാബല്യത്തില്‍

0

ഇസ്ലാമാബാദ്: ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ തടയാന്‍ കർശന നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനൊരുങ്ങി പാകിസ്താൻ. നിയമം ഉടനെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തില്‍ നിയമമന്ത്രാലയം അവതരിപ്പിച്ച ആന്റി റേപ് ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകാരം നല്‍കിയതായി ജിയോ ടി യോ ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പുതിയ നിയമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരണം നടത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളാണ് പുതിയ നിയമമനുസരിച്ച് നിലവില്‍വരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലൈംഗിക പീഡനക്കേസുകളില്‍ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുള്ള വകുപ്പുകള്‍ നിയമത്തിലുണ്ട്.

ബലാത്സംഗ കേസുകളുടെ അന്വേഷണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും കേസുകളില്‍ കാലതാമസം ഒഴിവാക്കുന്നതിനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കു
ന്നതിനുമുള്ള നടപടിക്രമങ്ങള്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഗുരുതര വിഷയമായതിനാല്‍ ബലാത്സംഗ കേസുകളില്‍ നടപടികള്‍ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ പൗരര്‍ക്ക് സുരക്ഷിത സാഹചര്യം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിയമം വ്യക്തവും സുതാര്യവുമായിരിക്കുമെന്നും കര്‍ശനമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. ഇരയായവര്‍ക്ക് ധൈര്യപൂര്‍വം പരാതി നല്‍കാമെന്നും അവരെ സംബന്ധിച്ച പൂര്‍ണവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി. പ്രതികളെ ഷണ്ഡീകരിക്കുന്ന നടപടി ഉടനെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റില്‍ പുതിയ നിയമം ഉടനെ അവതരിപ്പിച്ച് അംഗീകാരം നല്‍കാനാണ് ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ തീരുമാനം.