ബന്ധു കൊടുത്തുവിട്ട ബാഗ് ചതിച്ചു; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ യുവാവിന് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

2

ബന്ധു നല്‍കിയ ബാഗുമായി എത്തിയ യുവാവിനു പത്തു വര്ഷം തടവ്‌. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ യുവാവിനാണ് ബന്ധുവിനെ സഹായിക്കാന്‍ പോയി ജീവിതം നഷ്ടമായത്.

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്ത പാകിസ്ഥാന്‍ സ്വദേശിയുടെ ബാഗില്‍ നിന്ന് 1.35 കിലോഗ്രാം കൊക്കൈനാണ് ഉദ്ദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. തന്റെ ബന്ധു തന്നയച്ച സാധനമാണെന്നും താന്‍ നിരപരാധിയാണെന്നും ഇയാള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ദുബായ് വിമാനത്താവളം വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുകയായിരുന്ന 34കാരനെയാണ് പിടികൂടിയത്. ട്രാന്‍സിറ്റ് സെക്ഷനില്‍ പരിശോധന നടത്തിയ ഉദ്ദ്യോഗസ്ഥര്‍ ഹാന്റ്ബാഗില്‍ സംശയകരമായ ചില സാധനങ്ങളുണ്ടെന്ന് കണ്ടെത്തി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ പക്കല്‍ നിരോധിത വസ്തുക്കളൊന്നുമില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ബാഗ് തുറന്ന് പരിശോധിച്ചതോടെ രണ്ട് പൊതികളില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

ബാഗില്‍ ഇത്തരമൊരു സാധനം ഉള്ള വിവരം തനിക്കറിയില്ലെന്നാണ് ഇയാള്‍ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞത്. തായ്‍ലന്റിലുള്ള തന്റെ ബന്ധുവിന് നല്‍കാനായി നാട്ടില്‍ നിന്ന് തന്നയച്ചാണെന്നും താന്‍ നിരപരാധിയാണെന്നും ഇയാള്‍ വിചാരണയ്ക്കിടെ കോടതിയിലും വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചില്ല. 10 വര്‍ഷം തടവിന് പുറമെ 50,000 ദിര്‍ഹം പിഴയും അടയ്ക്കണമെന്നാണ് വിധി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും. പ്രതിക്ക് 15 ദിവസത്തിനകം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാവും.