മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

0

യുണൈറ്റഡ് നേഷന്‍സ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര രക്ഷാ സമിതി പ്രഖ്യാപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്.

നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്. ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അമേരിക്ക, ബ്രിട്ടൺ, ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം കൊണ്ടു വന്നത്. പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ മസൂദ് അസ്ഹര്‍ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കാരണമായത്.

പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ രക്ഷാസമിതിയില്‍ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയയിരുന്നു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാലുതവണ മസൂദ് അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ഉപയോഗിച്ച് തടഞ്ഞിരുന്നു.