നടന്‍ അർജുനെതിരെയും മീ ടു: വെളിപ്പെടുത്തലുമായി ശ്രുതി ഹരിഹരന്‍

0

തമിഴ് നടന്‍ അര്‍ജുന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ശ്രുതി ഹരിഹരന്‍. 
അര്‍ജുന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചിട്ടുണ്ടെന്നും ശ്രുതി ഫേസ് ബുക്കില്‍ വെളിപ്പെടുത്തി.

നേരത്തെ തന്നെ സാന്‍ഡല്‍വുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ശ്രുതി ആരോപിച്ചിട്ടുണ്ട്. 
അടുത്തിടെ പുറത്തിറങ്ങിയ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അർജുൻ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിക്കുന്നത്. അരുണ്‍ വൈദ്യനാഥൻ സംവിധാനം ചെയ്ത നിബുണൻ എന്ന സിനിമയുടെ ലൊക്കേഷനിൽ അണിയറപ്രവർത്തകരുടെ മുന്നിലാണ് സംഭവം നടന്നതെന്ന് ശ്രുതി പറയുന്നു.


അര്‍ജുന്‍ സര്‍ജയുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഞാന്‍ വളരെ ആവേശത്തോടെയാണ് കണ്ടിരുന്നത്. ഷൂട്ടിംഗിന്റെ ആദ്യ ദിവസങ്ങള്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു എനിക്ക് ഈ സിനിമയില്‍. ഒരു ചെറിയ ഡയലോഗിന് ശേഷം ഞങ്ങള്‍ രണ്ട് പേരും കെട്ടിപ്പിടിക്കുന്നൊരു സീനുണ്ട്. എന്നാല്‍ റിഹേഴ്‌സലിനിടെ സമ്മതമില്ലാതെ അര്‍ജ്ജുന്‍ എന്റെ പിന്‍ഭാഗത്ത് കൈ കൊണ്ട് തടവാന്‍ തുടങ്ങി. എന്നെ ദേഹത്തേയ്ക്ക് വലിച്ചടുപ്പിച്ചു. ഈ ഫോര്‍ പ്‌ളേ (ലൈംഗികബന്ധത്തിന് മുമ്പുള്ള കാമപ്രകടനം) ഉപയോഗിച്ചാലോ എന്ന് അര്‍ജുന്‍ സംവിധായകനോട് ചോദിച്ചു. ഞാന്‍ ഞെട്ടിപ്പോയി. സിനിമയില്‍ റിയലിസം വരുന്നതിനോട് എനിക്ക് യോജിപ്പാണ്. എന്നാല്‍ ഇത് ശരിയല്ലാത്ത രീതിയായി എനിക്ക് തോന്നി. പ്രൊഫഷണല്‍ അഭിനയ താല്‍പര്യമായിരുന്നില്ല ആ സമയം അര്‍ജുന്‍ കാണിച്ചത്. എന്ത്് പറയണമെന്ന് അറിയാത്തവിധം ദേഷ്യം തോന്നി.

ഇത്തരത്തില്‍ ഇന്റിമേറ്റ് ആയ ഒരു സീന്‍ ചെയ്യുമ്പോള്‍ അത് എന്നോട് മുന്‍കൂട്ടി പറയേണ്ടതായിരുന്നു. ആ സംഭവത്തിന് മുമ്പോ ശേഷമോ മറ്റൊരു നടനില്‍ നിന്നും എനിക്ക് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ല. സംവിധായകന് എന്റെ ബുദ്ധിമുട്ട് മനസിലായിരുന്നു. ഞാന്‍ എന്റെ ജോലി ചെയ്യുന്നതിനിടയില്‍ അമ്പതോളം പേര്‍ക്ക് മുന്നില്‍ വച്ചായിരുന്നു ഈ സംഭവം. ജോലിക്ക ശേഷം അര്‍ജ്ജുന്‍ മുറിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ സര്‍ജ താരമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രിവിലേജ് ഇനി ആര്‍ക്ക് നേരെയും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഇതുകൊണ്ടാണ് എന്റെ അനുഭവം തുറന്നുപറയുന്നത്. സ്ത്രീകളായാല്‍ ലൈംഗികാതിമമൊക്കെ നേരിടേണ്ടി വരുമെന്ന ധാരണയും രീതിയും ഇനി വച്ചുപൊറുപ്പിക്കാനാവില്ല – ശ്രുതി വ്യക്തമാക്കി.