കായിക ഇതിഹാസം മിൽഖാ സിംഗ് അന്തരിച്ചു

0

കായിക താരം മിൽഖാ സിംഗ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

മേയ് 20നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന പരിശോധനയിൽ അദ്ദേഹം കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജൻ ലെവൽ കുറയുകയും ചെയ്തു. ഇതോടെ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

ഫ്‌ളൈയിംഗ് സിഖ് എന്നറിയപ്പെടുന്ന മിൽഖാ സിംഗിന് വിഭജനകാലത്ത് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നേരിട്ട ജീവിതപ്രതിസന്ധികളെയെല്ലാം വകഞ്ഞ് മാറ്റി കുതിച്ച് കയറിയത് ഇന്ത്യയുടെ കായിക ലോകത്തേക്കായിരുന്നു. 1958ലെയും 1962ലെയും ഏഷ്യൻ ഗെയിംസിൽ നിന്നായി മൊത്തം നാല് സ്വർണ മെഡലാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കിയത്. 1958 ലെ കോമൺവെൽത്ത് ഗെയിമിലും മിൽഖാ സിംഗ് സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. 1959 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയാണ് മിൽഖാ സിംഗ്.

ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ നിർമൽ കൗറാണ് ജീവിതസഖി. മകൾ സോണിയ സൻവാൽക്കയ്‌ക്കൊപ്പം ദി റേസ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥ മിൽഖാ സിംഗ് എഴുതി. മിൽഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഓംപ്രകാശ് മെഹ്‌റ അണിയിച്ചൊരുക്കിയ ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ ഭാഗ് മിൽഖാ ഭാഗ്.