കേരളത്തില്‍ മൊബൈല്‍ എത്തിയിട്ട് ഇന്നേക്ക് ഇരുപതു വര്ഷം

0

മലയാളി മൊബൈല്‍ കൈയ്യിലെടുത്തിട്ടു ഇന്നേക്ക് ഇരുപതു വര്ഷം .1995 ജൂലായ് 31-നാണ് രാജ്യത്താദ്യമായി കൊല്‍ക്കത്തയില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് തുടങ്ങിയത്.ഒരു വര്‍ഷത്തിനു ശേഷം മൊബൈല്‍ കേരളത്തില്‍ കാലുകുത്തി .1996 സപ്തംബര്‍ 17 നു.എറണാകുളത്താണ് കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ സര്‍വീസിന് തുടക്കമായത്. തുടക്കമിട്ടത് എസ്‌കോട്ടെല്‍
സെല്ലുലാര്‍ സര്‍വീസും .

കേരളത്തില്‍ 1996 സപ്തംബറില്‍ ഉദ്ഘാടനം നടന്നെങ്കിലും ഒക്ടോബര്‍ മുതലാണ് വരിക്കാര്‍ക്ക് കണക്ഷന്‍ കിട്ടിത്തുടങ്ങിയത്. 1996-ല്‍ ബി.പി.എല്‍. മൊബൈലിനും കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് കിട്ടിയെങ്കിലും എസ്‌കോട്ടെലാണ് ആദ്യം തുടങ്ങിയത്.പിന്നീട് എസ്‌കോട്ടെലിനെ ഐഡിയ സെല്ലുലാര്‍ ഏറ്റെടുത്തു. 2002 ഒക്ടോബര്‍ 23-ന് ബി.എസ്.എന്‍.എല്ലും കേരളത്തില്‍ മൊബൈല്‍ഫോണുമായി എത്തി. 2003-ല്‍ ഇന്‍കമിങ് സൗജന്യമായതോടെയാണ് മൊബൈല്‍ മലയാളിയുടെ സന്തതസഹചാരിയായത് .പിന്നങ്ങോട്ട് മൊബൈല്‍ കാലം തന്നെ ആയിരുന്നു . ഇന്‍കമിങ് കാളിനു പൈസ പോകുമെന്ന് പേടിച്ചു മൊബൈല്‍ നമ്പര്‍ കൈമാറാന്‍ മടിച്ചിരുന്ന കാലത്ത് നിന്നും മൊബൈല്‍ ഇപ്പോള്‍ കയ്യടക്കിയിരിക്കുന്ന സ്ഥാനം എവിടെയെന്നു നമുക്ക്‌ അറിയാം .രാവിലെ ഉണര്‍ന്നാല്‍ ചായക്ക് മുന്‍പേ നമ്മള്‍ കൈനീട്ടുന്നത് മൊബൈല്‍ സ്ക്രീന്‍ ഓണ്‍ ആക്കാന്‍ തന്നെ .

1997 ല്‍ മൊബൈല്‍ വരുമ്പോള്‍ മൊബൈല്‍ ഫോണിന്റെ വില ഏതാണ്ട് 50,000 രൂപവരെ ആയിരുന്നു .സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വസ്തു . പുറത്തേക്ക് വിളിക്കാന്‍ മിനിറ്റിന് 16 രൂപ. ഇന്‍കമിങ്ങിന് മിനിറ്റിന് എട്ടുരൂപ. എസ്.എം.എസ്സില്ല, പ്രീ പെയ്ഡ് സൗകര്യമില്ല.
ഇന്ന് മൊബൈലിന്റെ അവസ്ഥ എന്താണെന്ന് നമുക്ക്‌ പറയാതെ തന്നെ അറിയാം .ഒരാള്‍ക്ക് തന്നെ രണ്ടും മൂന്നും മൊബൈല്‍ ഫോണുകള്‍ .പല സിംമ്മുകള്‍ ..ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ കണക്കനുസരിച്ച് 2015-ല്‍ത്തന്നെ കേരളത്തിലെ മൊബൈല്‍ഫോണ്‍ കണക്ഷനുകളുടെ എണ്ണം 3.32 കോടിയായി. ഇന്ത്യയില്‍ത്തന്നെ മൊബൈല്‍സാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്ന് നമ്മുടെ കൊച്ചു കേരളം ആണ് .വാട്ട്‌സ് അപ്പും ,ഫേസ്ബുക്കും നോക്കി മലയാളി ഇന്ന് ഉണ്ടു ഉറങ്ങുന്നത് തന്നെ മൊബൈല്‍ സ്ക്രീനില്‍ കണ്ണുംന്നട്ട്‌.കാലം പോയ പോക്കേ!