കേരളത്തിലെ പെണ്‍കുട്ടികളാണ് ബെസ്റ്റ്; മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ശ്രദ്ധയമാകുന്നു

0

അന്താരാഷ്ട്ര ബാലിക ദിനത്തില്‍(ഒക്ടോബര്‍ 11 )  മുരളി തുമ്മാരുകുടി എഴുതിയ കേരളത്തിലെ പെണ്‍കുട്ടികളാണ് ബെസ്റ്റ് എന്ന കുറിപ്പ് ശ്രദ്ധയമാകുന്നു.  ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇന്നും നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിലക്കുകളെ കുറിച്ച് തുമ്മാരുകുടി എഴുതിയിരിക്കുന്നത്.  മാത്രമല്ല വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും പറയുന്നതും പറയാത്തതുമായ നിയന്ത്രണ രേഖകള്‍ ഇല്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികള്‍ ലോകത്താരോടും മത്സരിക്കാന്‍ കഴിവുള്ളവരാണെന്നും അവര്‍ക്ക് ഒരു സംവരണവും വേണ്ട, വേണ്ടതെല്ലാം അവര്‍ അദ്ധ്വാനിച്ചു നേടിക്കോള്ളുമെന്നും അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകത്തെവിടെയും ലഭ്യമായ അവസരങ്ങള്‍ ഉപയോഗിച്ച് മുന്നേറാന്‍ ശ്രമിക്കുന്നവരില്‍ പെണ്‍കുട്ടികള്‍ മുന്നിലാണ്. പക്ഷെ അവസരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുന്നതില്‍ സമൂഹം പിന്നിലും. ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല, വികസിതവും വികസ്വരവും ആയ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും പെണ്‍കുട്ടികള്‍ക്കെതിരെ സാമൂഹ്യവും നിയമപരവും ആയ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു. ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സത്യമാണെന്നത് വാസ്തവത്തില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് നയങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നവര്‍ക്ക്, നാണക്കേട് ഉണ്ടാക്കേണ്ടതാണ്. പക്ഷെ ലോകമെമ്പാടും തന്നെ ഭരണ സംവിധാനങ്ങളില്‍, അത് ഭരണത്തലവന്‍ ആയാലും പാര്‍ലമെന്റ് ആയാലും സ്ത്രീകളുടെ സാന്നിധ്യം പത്തു ശതമാനത്തിലും കുറവാണ്. പൊതുവെ സ്ത്രീകളുടെ ശാക്തീകരണത്തിന് പേരുകേട്ട കേരളത്തില്‍ പോലും നമ്മുടെ എം എല്‍ എ മാരില്‍ പത്തു ശതമാനം പോലും സ്ത്രീകള്‍ ഇല്ല, 1957 ലെ അസംബ്ലിയെ അപേക്ഷിച്ച് കുതിച്ചുചാട്ടം പോയിട്ട് പുരോഗതി പോലും ഇല്ല. സ്വന്തം കാബിനറ്റില്‍ നേര്‍ പകുതി സ്ത്രീകളെ നിയമിച്ച കാനഡ പ്രധാനമന്ത്രിയോട് അതിന്റെ കാരണം ചോദിച്ച പത്രക്കാരനോട് അദ്ദേഹം ഒരു വാചകമേ പറഞ്ഞുള്ളൂ ‘Because it is 2015’. ലോകത്ത് ഭൂരിഭാഗം പ്രദേശത്തും, കേരളത്തില്‍ ഉള്‍പ്പടെ, നൂറ്റാണ്ട് മാറിയ അറിയിപ്പ് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള മാറ്റങ്ങള്‍ ജൈവികം മാത്രം ആണെന്നും, സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ ചെയ്യാന്‍ പറ്റില്ല എന്ന ചിന്ത സമൂഹം ഉണ്ടാക്കി എടുത്തതാണെന്നും ഉള്ളതിന് തെളിവ് ലോകത്തെവിടെയും ഉണ്ട്. യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് തൊട്ട് ബസ് ഓടിക്കുന്നത് വരെ, വീട് പണിയുന്നത് തൊട്ട് രാജ്യങ്ങളെ നയിക്കുന്നത് വരെ സ്ത്രീകള്‍ ചെയ്യാത്ത പ്രവര്‍ത്തികള്‍ ഇല്ല. അതില്‍ എല്ലാത്തിലും അവര്‍ കഴിവ് തെളിയിച്ചിട്ടും ഉണ്ട്. സമൂഹത്തില്‍ പകുതി വരുന്ന സ്ത്രീകളുടെ കഴിവുകള്‍ സമൂഹ നന്മക്ക് വേണ്ടി ഉപയോഗിക്കാതിരിക്കുമ്പോള്‍ നഷ്ടമുണ്ടാകുന്നത് സ്ത്രീകള്‍ക്ക് മാത്രമല്ല, സമൂഹത്തിന് മൊത്തം ആണ്. ഇത് മാറിയേ പറ്റൂ. അടുത്ത പത്തു വര്‍ഷത്തിനകം നമ്മുടെ എം പി മാരുടെയും എം എല്‍ എ മാരുടെയും പകുതി സ്ത്രീകള്‍ ആകണം, മന്ത്രിമാരുടെയും. നമുക്ക് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണം. കേരളം വീണ്ടും നമ്പര്‍ 1 ആകണം.

ഇതൊക്കെ എന്റെ സ്വപ്നങ്ങള്‍ ആണ്, നടക്കാവുന്നതും. അതിന് വേണ്ടി ഞാന്‍ തീര്‍ച്ചയായും പരിശ്രമിക്കും. ഏതെങ്കിലും കാലത്ത് രാഷ്ട്രീയത്തില്‍ വന്നാല്‍ സ്വയം അധികാരം കിട്ടുക എന്നതിലും നമ്മുടെ യുവാക്കളെയും സ്ത്രീകളെയും അധികാരവുമായി ബന്ധിപ്പിക്കുക എന്നത് തന്നെയാവും എന്റെ ലക്ഷ്യം. പക്ഷെ കേരളത്തില്‍ വളരുന്ന ശരാശരി പെണ്‍കുട്ടിയുടെ സ്വപ്നം ഇതൊന്നുമല്ല. വീട്ടില്‍നിന്നും പുറത്ത് പഠിക്കാനും, കളിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും ആണ്‍കുട്ടികളുടെ അത്ര സ്വാതന്ത്ര്യം കിട്ടുക. സ്ത്രീകള്‍ക്കെതിരെ വിവേചനപരമായ സംസാരം അധ്യാപകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കേള്‍ക്കേണ്ടി വരാതിരിക്കുക, റോഡില്‍ ഇറങ്ങിയാല്‍ വൃത്തികെട്ട പുരുഷന്മാരുടെ നോട്ടവും കമന്റടിയും ഇല്ലാതെ യാത്ര ചെയ്യാന്‍ പറ്റുക, തിരക്കുള്ള സ്ഥലത്തും, പൊതു ഗതാഗതത്തിലും ഇരുട്ടുള്ള ഇടങ്ങളിലും അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കപ്പെടാതിരിക്കുക, ലേഡീസ് ഹോസ്റ്റലിന്റെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുന്നില്‍ കറങ്ങി നടക്കുന്ന ഷോമാന്‍മാരില്ലാതിരിക്കുക തുടങ്ങി വളരെ മിനിമം ആയ കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടത്. ഇങ്ങനെയുള്ള പുറം ലോകം ഉള്ളതിനാല്‍ കൂടിയാണ് വീടുകളില്‍ അവര്‍ക്ക് വിലക്കുകള്‍ കൂടുന്നത്. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും പറയുന്നതും പറയാത്തതുമായ ഈ നിയന്ത്രണ രേഖകള്‍ ഇല്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികള്‍ ലോകത്താരോടും മത്സരിക്കാന്‍ കഴിവുള്ളവരാണ്. അവര്‍ക്ക് ഒരു സംവരണവും വേണ്ട, വേണ്ടതെല്ലാം അവര്‍ അദ്ധ്വാനിച്ചു നേടിക്കോളും.

സമ്പൂര്‍ണ്ണ സാക്ഷരതയും ശ്രേഷ്ഠഭാഷയും ഉയര്‍ന്ന സംസ്‌കാരവും ഉണ്ടെന്ന് മേനി പറയുന്ന കേരളത്തില്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അവരുടെ കഴിവുകളുടെ പരമാവധിയിലേക്ക് വളരാനുള്ള സ്വാന്ത്ര്യവും ആകാശവും കൊടുക്കാന്‍ നമുക്ക് പറ്റുന്നില്ല എന്നത് സമൂഹത്തിന്റെ വലിയ നഷ്ടമാണ്. ഇക്കാര്യത്തെ പറ്റി സമൂഹം ചിന്തിക്കേണ്ടതാണ്. പക്ഷെ തത്കാലം എങ്കിലും കേരളത്തിലെ പെണ്‍കുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. You are the best. ലോകത്തോട് മത്സരിക്കാനുള്ള എല്ലാം നിങ്ങളുടെ കയ്യില്‍ ഉണ്ട്, ഏറ്റവും വേഗത്തില്‍ പഠിച്ച് കേരളത്തിന്റെ അതിരുകള്‍ കടക്കുക, പറന്നുയരുക. എല്ലാവിധ ആശംസകളും നേരുന്നു.