3000 ഫിറ്റ്‌നസ് ആപ്പുകള്‍ ശാസ്ത്രീയമല്ലെന്ന് പഠനം

0

ഫിറ്റ്‌നസ് ആപ്പുകളെ  അമിതമായി വിശ്വസിക്കുന്നവരുടെ ശ്രദ്ധക്ക് .  ഓണ്‍ലൈനില്‍ ലഭ്യമായ 3000ത്തോളം ഫിറ്റ്‌നസ് ആപ്പുകള്‍ ശാസ്ത്രീയമല്ലെന്ന് പഠനം.ഇവയുടെ ഉപയോഗം ഫിറ്റ്‌നസ് നല്‍കില്ല എന്ന് മാത്രമല്ല , ചിലപ്പോള്‍ ഉള്ള ആരോഗ്യം കൂടി ഇല്ലാതാക്കും എന്നു സാരം .

അംഗീകൃത ആരോഗ്യസംഘടനകളും സര്‍വകലാശാലകളും നിര്‍മ്മിച്ച ഫിറ്റ്‌നസ് ആപ്പുകള്‍ 0.5 ശതമാനമേ വരുകയുള്ളൂ എന്നും പഠനം പറയുന്നു. ലോകം നേരിടുന്ന വലിയ ആരോഗ്യപ്രശ്‌നമാണ് അമിതവണ്ണം. അതിനാല്‍ തന്നെ വണ്ണം കുറക്കാനുള്ള പ്രതിവിധികള്‍ക്കായി ആവശ്യക്കാര്‍ ഏറെയാണ്.  ഇത് തന്നെയാണ് ഇത്തരം ആപ്പുകളും ലക്ഷ്യമിടുന്നത് .

ലോവെയിനിലുള്ള കാത്തലിക്ക് സര്‍വകലാശാലയിലെ ഡോ. ചാര്‍ലോ നിക്കോളുവും ഗ്ലാസ്ഗൗ സര്‍വകലാശാലയിലെ മൈക്ക് ലീനുമാണ് ഫിറ്റ്‌നസ് ആപ്പുകളെക്കുറിച്ച് പഠനം നടത്തിയത്. യുഎസ്, യുകെ, സിംഗപൂര്‍ എന്നിവിടങ്ങളിലെ ആപ്പിള്‍ ഐട്യൂണ്‍ ആപ്പ് സ്റ്റോറുകളിലേയും ഗൂഗിള്‍ പ്ലേ സ്റ്റോറുകളിലേയും ആപ്പുകളെയാണ് പഠനത്തിന്റെ ഭാഗമായി ഇവര്‍ പരിശോധിച്ചു. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് 3013 ആപ്പുകള്‍ ഗവേഷകര്‍ കണ്ടെത്തി. ഇവയില്‍ 2196 ആപ്പുകള്‍(1808 എണ്ണം സൗജന്യ ആപ്പുകള്‍) ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ളതായിരുന്നു. 817 എണ്ണം(352 എണ്ണം സൗജന്യ ആപ്പുകള്‍) ആപ്പിള്‍ ഐട്യൂണിലേതും. ഈ ആപ്പുകള്‍ 666,169,136 തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പരിശോധിച്ച ആപ്പുകളില്‍ 17 എണ്ണം മാത്രമേ വിശ്വാസയോഗ്യമായതെന്നും ചൂണ്ടികാട്ടുന്നു .