മെക്സിക്കോയിൽ റെയ്ഡില്‍ കണ്ടെത്തിയത് കുപ്പിയിലിട്ടു വെച്ച ഭ്രൂണവും, 40 ലധികം തലയോട്ടികളും; സാത്താൻ ആരാധകരുടേതെന്ന് സൂചന

0

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മയക്കുമരുന്ന് വ്യാപാരികളുടെ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ദുരൂഹതകള്‍ നിറഞ്ഞ കാഴ്ച. നാല്‍പതിലധികം തലയോട്ടികളും, ഡസന്‍ കണക്കിന് ശരീരാസ്ഥികളും, ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ച നിലയില്‍ ഒരു ഭ്രൂണവും എന്നിവയാണ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മെക്‌സിക്കോ സിറ്റി അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്നും പുറത്തുവിട്ട ചിത്രങ്ങളില്‍ ബലിപീഠത്തിനരികിലായി സൂക്ഷിച്ച നിലയിലാണ് തലയോട്ടികള്‍ കണ്ടെത്തിയത്. മെക്‌സിക്കോ സിറ്റി അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പുറത്തുവിട്ട ചിത്രത്തില്‍ ബലിപീഠത്തിന് ചുറ്റുമായി അടുക്കിവെച്ച നിലയിലാണ് തലയോട്ടികള്‍. ബലിപീഠത്തിന് പിറകിലായി തലയില്‍ കൊമ്പുകളോടു കൂടിയ മുഖം മൂടി കൊണ്ടലങ്കരിച്ച നിലയില്‍ ഒരു കുരിശ് സ്ഥാപിച്ചിരുന്നു.

ബലിപീഠത്തിന് വലതുവശത്തുള്ള ചുമരില്‍ നിറയെ ചിഹ്നങ്ങളും, കൈകളുള്ള പിരമിഡും, ഷഡ്ഭുജാകൃതിയില്‍ വരച്ച ആട്ടിന്‍ തലയും ഉണ്ട്. നിറങ്ങള്‍ ചാര്‍ത്തിയ മരത്തിന്റെ വടികളും മറ്റ് നിഗൂഢ സാധനങ്ങളും ഇക്കൂട്ടത്തല്‍ പെടും. വിവിധതരത്തിലുള്ള കത്തികള്‍, നാല്‍പത് താടിയെല്ലുകള്‍, മുപ്പതിലധികം അസ്ഥികള്‍(കൈകളുടേയും കാലുകളുടേയും)എന്നിവയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗർഭപിണ്ഡം മനുഷ്യരുടേതാണോയെന്ന് സ്ഥിരീകരണമായിട്ടില്ല.

നിരവധി രഹസ്യതുരങ്കങ്ങളും രഹസ്യസങ്കേതങ്ങളും നിറഞ്ഞ ടെപിറ്റോ രഹസ്യപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായാണ് നിരീക്ഷിക്കപ്പെടുന്നത്. ആഭിചാരപ്രവര്‍ത്തനങ്ങളും ഇവിടെ സജീവമോണോ എന്നൊരന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 31 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.