യുക്രൈൻ വിമാനം തകർന്നു വീഴുന്നത് പകർത്തിയ ആൾ അറസ്റ്റിൽ

0

ടെഹ്റാൻ: യുക്രൈന്‍ വിമാനത്തിന് നേരേ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടയാള്‍ കസ്റ്റഡിയില്‍. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തയാളെ റവല്യൂഷണറി ഗാര്‍ഡ്‌സാണ് പിടികൂടിയതെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇറാനില്‍ യുക്രൈന്‍ വിമാനം തകര്‍ന്നുവീണ് 176 യാത്രക്കാര്‍ മരിച്ചത്.എന്നാൽ വിമാനം ഇറാൻ വെടിവെച്ചിട്ടതാണെന്ന് കാനഡയും യുഎസും അടക്കം സംശയം പ്രകടിപ്പിച്ചു. ഇതിനുപിന്നാലെയാണ് യുക്രൈൻ വിമാനം തകർന്നത് തങ്ങളുടെ മിസൈലേറ്റാണെന്ന് ഇറാൻ സമ്മതിച്ചത്. സൈനികർക്ക് സംഭവിച്ച അബദ്ധമാണ് ഇതിനുകാരണമായതെന്നും വ്യക്തമായിരുന്നു.

വിമാനം തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിനായി പ്രത്യേക കോടതി സ്ഥാപിക്കാൻ ഇറാൻ പ്രസിഡന്‍റ് നിർദേശം നൽകി. ഇതിനു പിന്നാലെ സംഭവത്തിന് ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായും ഇറാൻ അറിയിച്ചിരുന്നു.