തന്റെ മുഖകാന്തിയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി മോദി

0

ന്യൂഡല്‍ഹി: തന്റെ മുഖത്തിന്റെ തിളക്കത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തശേഷം പുരസ്‌കാര ജേതാക്കളായ കുട്ടികളോട് സംവദിക്കുമ്പോഴാണ് മോദി തന്റെ സൗന്ദര്യരഹസ്യവും ജീവിതവിജയത്തിനുള്ള പാഠങ്ങളും പങ്കുവെച്ചത്.

2020ലെ ധീരതാ പുരസ്കാരത്തിന് അര്‍ഹരായ 49 കുട്ടികള്‍ക്ക് പ്രധാനമന്ത്രി ജീവിതപാഠങ്ങളും ഉപദേശങ്ങളും പകര്‍ന്നു നല്‍കി. “കുറേ വര്‍ഷം മുൻപ് ഒരാള്‍ എന്നോട് ചോദിച്ചു താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്ര തിളക്കമുണ്ടായതെന്ന്. എനിക്ക് ലളിതമായ ഉത്തരമാണ് ഉണ്ടായിരുന്നത്. ഞാൻ കഠിനമായി ജോലി ചെയ്യും. ഞാൻ നന്നായി വിയര്‍ക്കുന്നതു കൊണ്ട് എന്‍റെ മുഖവും മസാജ് ചെയ്യും. അതുകൊണ്ട് ചര്‍മ്മത്തിന് തിളക്കമുണ്ടാകുകയും ചെയ്യും.” പ്രധാനമന്ത്രി പറഞ്ഞു.

ദിവസത്തില്‍ നാലു തവണയെങ്കിലും കുട്ടികള്‍ നന്നായി വിയര്‍ക്കണം. ഇക്കാര്യം ഓരോ കുട്ടിയും മനസ്സിലാക്കിവയ്ക്കണം. കഠിനമായി അധ്വാനിക്കുകയും അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യണം. ജീവിതത്തില്‍ എത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചാലും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.

നമുക്ക് സ്വീകരിക്കാന്‍ രണ്ടു വഴികളാണുള്ളത്. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിക്കുന്ന ചിലര്‍ പിന്നീട് അഹങ്കാരികളായിത്തീരുകയും അധ്വാനിക്കുന്നതില്‍നിന്ന് വിമുഖരാവുകയും ചെയ്യും. മറ്റുചിലരാകട്ടെ, കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താനുള്ള പ്രോത്സാഹനമായി ആ അംഗീകാരങ്ങളെ കാണും. പുരസ്‌കാരങ്ങള്‍ ഒന്നിന്റെയും അവസാനമല്ല, അവ ജീവിതത്തിന്റെ തുടക്കമാണ് – മോദി കുട്ടികളോട് പറഞ്ഞു.