80 രൂപ കയ്യിലുണ്ടോ…?; ഇറ്റലിയില്‍ നല്ല കിടിലന്‍ വീട് സ്വന്തമാക്കാം!

0

കയ്യിൽ 80 രൂപയുണ്ടെങ്കിൽ ഇറ്റലിയിൽ ഒരു വീട് സ്വന്തമാക്കാം. ഇറ്റലിയിലെ പ്രശസ്തമായ നേപ്പിള്‍സില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബിസാക്കിയ ശരിക്കും ഒരു ഗ്രാമമാണ്. ഇവിടേയ്ക്കാണ് വെറും ഒരു യൂറോയ്ക്ക് (ഏകദേശം 80 രൂപയോളം) വീട് വില്‍ക്കാന്‍ തയ്യാറായി വിനോദസഞ്ചാരികളേയും വില്‍പ്പനക്കാരേയും ക്ഷണിക്കുന്നത്.

രണ്ട് കോഫിക്ക് ചിലവാക്കുന്ന തുകയ്ക്ക് ഒരു വീട് സ്വന്തമാക്കൂ എന്നാണ് ഇവിടുത്തെ പട്ടണത്തിലെ ഭരണകൂടം പറയുന്നത്. ഒരു യൂറോയ്ക്കാണ് ഒരു വീട് നല്‍കുന്നത്. ഇത്രയും കുറഞ്ഞവിലയില്‍ ഒരു വീട് നല്‍കുന്നതിനുപിന്നിൽ ഒരു കാരണമുണ്ട്.

അവിടെ താമസിക്കാന്‍ ആളില്ല എന്നതുതന്നെ കാരണം. ഗ്രാമത്തിലുണ്ടായിരുന്നവരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിയപ്പോള്‍ ജനങ്ങളില്ലാത്ത ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ മാത്രമുള്ള ഗ്രാമമായി ബിസാക്കിയ മാറുകയായിരുന്നു.

1980കള്‍ മുതല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ കാരണമാണ് ഇവിടെ താമസിച്ചിരുന്നവരില്‍ മിക്കവരും പ്രദേശത്ത് നിന്ന് താമസംമാറിയത്. ഇതോടെ നഗരത്തിലെ ജനസംഖ്യ കുത്തനെ കുറഞ്ഞു. 80 രൂപയ്ക്ക് ഇറ്റലിയില്‍ വീട് എന്നു കേട്ട് ആഡംബര സൗധം സ്വപ്‌നം കണ്ട് ആരും ഇങ്ങോട്ടേക്ക് വണ്ടി കയറേണ്ട. തുടര്‍ച്ചയായ ഭൂകമ്പങ്ങള്‍ മിക്ക കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.

മാത്രമല്ല, കെട്ടിടങ്ങളെല്ലാം അറ്റകുറ്റപ്പണികള്‍ നടത്താതിനാല്‍ ജീര്‍ണാവസ്ഥയിലുമാണ്. വീടുകള്‍ വാങ്ങുന്നവര്‍ അത് സ്വന്തംചെലവില്‍ തന്നെ നവീകരിക്കണമെന്ന് വില്‍പ്പനയ്ക്ക് മുമ്പ് പ്രത്യേകം പറയുന്നുമുണ്ട്. കേവലം ഒന്നര ലക്ഷത്തോളം രൂപയുടെ ബോണ്ട് സമര്‍പ്പിച്ച് 80 രൂപയ്ക്ക് പക്ഷെ ഈ വീട് സ്വന്തമാക്കാം എന്നുള്ളതാണ് ആകര്‍ഷണീയം.

കഴിഞ്ഞവര്‍ഷം സംബൂക്ക ടൗണിലും സമാനരീതിയില്‍ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നു. താമസക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് സംബൂക്കയിലും വീടുകള്‍ വിറ്റഴിച്ചത്. വീടുകള്‍ വിറ്റു പോകുമോയെന്ന് കാത്തിരുന്നു കാണണം.

ബിസാക്കിയ നഗരസഭയില്‍ നിന്നു നേരിട്ട് തന്നെ വീടുകള്‍ വാങ്ങാം. വീട് വാങ്ങുന്നവര്‍ തന്നെ വീടിന്റെ അറ്റകുറ്റപ്പണി ചെയ്യണമെന്നാണ് നഗരസഭ മേയര്‍ ഫ്രാന്‍സെസ്‌കോ ടര്‍കിയയുടെ ഏക നിബന്ധന.