തെലുങ്ക് ‘പ്രേമം’; വിശ്രമം ഇല്ലാതെ മലയാളി ട്രോളന്‍മാര്‍, തിരിച്ചടിച്ച് തെലുങ്ക് ട്രോള്‍ പേജുകള്‍

0

ഒരു സിനിമയുടെ ഫസ്റ്റ് ലുക്കിനും പിന്നെ ട്രെയിലറിനും ഇത്ര അധികം ‘സ്വീകാര്യത’ ലഭിച്ച സംഭവം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടുണ്ടാവില്ല.പറഞ്ഞു വരുന്നത് പ്രേമത്തെ കുറിച്ചാണ്.

പ്രേമം സിനിമയുടെ തെലുങ്ക് റീമേയ്ക്കിൽ മലരായി എത്തുന്ന ശ്രുതി ഹാസന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോൾ തുടങ്ങിയ ട്രോളുകളാണ്. ഇപ്പോൾ ട്രെയിലർ ഇറങ്ങിയിട്ട് പോലും ട്രോളിന്റെ ഒഴുക്കു കുറയുന്നില്ല. മലരേ എന്ന ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ എവരേ എന്ന് തുടങ്ങുന്ന ഗാനത്തിലെ വീഡിയോ സോംഗ് പുറത്തിറങ്ങിയതിനു  പിന്നാലെ സ്‌ക്രീന്‍ ഷോട്ടുകളും ട്രോള്‍ പോസ്റ്റുകളുമായി മലയാളി ട്രോളന്‍മാര്‍ക്കൊപ്പം തമിഴ് ആരാധകരും പങ്കാളികളായി. ”rip premam” എന്ന ഹാഷ് ടാഗ് ട്വിറ്ററിലും ഫേസ്ബുക്കിലും ട്രെന്‍ഡിംഗുമായിരുന്നു .

ഇപ്പോഴിതാ പ്രേമം തെലുങ്ക് പതിപ്പിലെ പുതിയ ഗാനവും ട്രെയിലറുമാണ് ട്രോളന്‍മാരുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. മലയാളം ട്രോളുകള്‍ ട്വിറ്ററുകളിലും ഫേസ്ബുക്കിലും പ്രവഹിച്ചതോടെ ട്രെയിലറിന്റെ യൂട്യൂബ് ചാനലില്‍ കമന്റ് ബോക്‌സ് പൂട്ടി. നേരത്തെ എവരേ എന്ന ഗാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴും കമന്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഓഫ് ഡിസേബിള്‍ ചെയ്തിരുന്നു. മലയാളത്തിലെ ട്രോളുകള്‍ ചുട്ടമറുപടിയുമായി തെലുങ്ക് ട്രോള്‍ പേജുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നാഗചൈതന്യയുടെ സമീപകാലത്തെ മികച്ച അഭിനയമാണ് പ്രേമത്തിലേത് എന്ന രീതിയിലാണ് പോസ്റ്റുകള്‍.

വെറുമൊരു ട്രെയിലർ കൊണ്ട് മാത്രം ഒരാളെ എങ്ങനെയാണ് വിമർശിക്കുന്നതെന്നും സിനിമ പുറത്തിറങ്ങിയാൽ മാത്രമാണ് കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്നും നാഗചൈതന്യയുടെ ആരാധകരും പറയുന്നു. തെലുങ്ക് ചിത്രങ്ങളുടെ സ്വഭാവം ഇതാണെന്നും തെലുങ്ക് പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അണിയറപ്രവർ‌ത്തകരും വ്യക്തമാക്കുന്നു. ചിത്രം അടുത്തമാസം ആദ്യം തിയറ്ററുകളിലെത്തും.എന്തായാലും ഇനി ഉള്ളതൊക്കെ വരുന്നിടത്ത് വെച്ചു കാണാം.