കേരളം മുഴുവൻ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

0

സംസ്ഥാനം മുഴുവൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം,സംസ്ഥാനത്തെ സ്ഥിതി അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ ഗൗരവമാകുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അറിയിച്ചു.

മഴ കനത്തത്തോടെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ ഏറുകയാണ്. നത്ത മഴയും കാറ്റും തുടരുന്നതിനാല്‍ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുന്നു. അണക്കെട്ടുകളുടെ ജലനിരപ്പും ഉയരുകയാണ്. 33 ഡാമുകളാണ് സംസ്ഥാനത്ത് ആകെ തുറന്നിരിക്കുന്നത്. നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനയുണ്ട്. പുലര്‍ച്ചെ നാലു മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.28 അടിയാണ്.

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം  അതിശക്ത ന്യൂനമര്‍ദ്ദമായി മാറിയതാണ് ഇപ്പോഴത്തെ കനത്തമഴയ്ക്ക് കാരണം. സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണസജ്ജമാവണമെന്ന് സര്‍ക്കാര്‍ നിര്‍ ദ്ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടുകളിലേക്ക് മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക് എത്രയും വേഗം മടങ്ങിയെത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.