ലോകത്തിന്റെ വടക്കേയറ്റത്ത് പുതിയ ദ്വീപ് കണ്ടെത്തി ശാസ്ത്രജ്ഞര്‍

1

കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലന്‍ഡിന്റെ തീരത്തായി ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്ത് ശാസ്ത്രജ്ഞര്‍ പുതിയ ദ്വീപ് കണ്ടെത്തി. ഡാനിഷ്-സ്വിസ് ഗവേഷണ-പര്യവേക്ഷണത്തിലാണ് ദ്വീപ് കണ്ടെത്തിയത്. എന്നാല്‍, ദ്വീപ് എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാകില്ലെന്നും ചിലപ്പോള്‍ അടുത്തുതന്നെ കടലെടുത്തുപോയേക്കാമെന്നും കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പര്യവേക്ഷണത്തിന്റെ ഭാഗമായ ശാസ്ത്രജ്ഞന്‍ മോര്‍ട്ടന്‍ റാഷ് പറഞ്ഞു.

1978-ല്‍ ഡാനിഷ് സംഘം കണ്ടെത്തിയ ഊദാഖ് ദ്വീപിലെത്തിയെന്നായിരുന്നു പര്യവേക്ഷണസംഘം ആദ്യം കരുതിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഊദാഖില്‍ നിന്നും 780 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന പുതിയ ദ്വീപാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 30 മുതല്‍ 60 മീറ്റര്‍ ഉയരത്തിലാണ് ദ്വീപ്. മഞ്ഞുപാളികള്‍ നീങ്ങി കല്ലും മണ്ണും ചേര്‍ന്ന ഉപരിതലത്തോടെയാണ് ഇത് കാണപ്പെട്ടതെന്നും മോര്‍ട്ടന്‍ റാഷ് പറഞ്ഞു. ഗ്രീന്‍ലന്‍ഡ് ഭാഷയില്‍ വടക്കേ അറ്റത്തുള്ള ദ്വീപ് എന്നര്‍ഥംവരുന്ന ‘ക്വകര്‍ടാഖ് അവനര്‍ലെഖ്’ എന്ന് പേരു നല്‍കാനാണ് തീരുമാനം.