ഷാങ്ഹായ് ലോകത്തിലെ ആദ്യ ‘5ജി ജില്ല’

0

ചൈനയിലെ ഷാങ്ഹായ് ലോകത്തില്‍ അഞ്ചാംതലമുറ (5ജി) ടെലികോം സേവനങ്ങള്‍ ആദ്യമെത്തുന്ന ജില്ല. 5ജി സേവനവും ബ്രോഡ്ബാന്റ് ജിഗാബൈറ്റ് ശൃംഖലയും ഒന്നിച്ചുപയോഗിക്കുന്ന ലോകത്തിലെ ആദ്യ ജില്ലയായെന്ന് ഷാങ്ഹായ് ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.ഉദ്ഘാടനത്തോടനുബന്ധിച്ച് ഷാങ്ഹായ് വൈസ് മേയര്‍ വു ക്വിങ് ലോകത്തെ ആദ്യ 5ജി ഫോള്‍ഡബിള്‍ ഫോണ്‍ ആയ വാവേ മേറ്റ് എക്‌സ് ഉപയോഗിച്ച് വീഡിയോകോള്‍ ചെയ്തു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന മൊബൈലിന്റെ പിന്തുണയോടെയാണ് ഷാങ്ഹായ് ജില്ലയില്‍ 5ജി പരീക്ഷണ സേവനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 4 ജി യെക്കാൾ 10 മുതല്‍ 100 ഇരട്ടിവരെ വേഗത്തിലാണ് 5ജിയുടെ പ്രവര്‍ത്തനം. മൂന്ന് മാസങ്ങള്‍ കൊണ്ടാണ് ജില്ലയില്‍ മുഴുവന്‍ 5ജി സേവനം ലഭ്യമാക്കുന്നതിനായുള്ള ബേസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. 5ജി ശൃംഖല പൂര്‍ണാടിസ്ഥാനത്തില്‍ നിലവില്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് സിംകാര്‍ഡ് മാറാതെ തന്നെ 5ജി സേവനങ്ങള്‍ ലഭ്യമാനുമെന്ന് ചൈന ഡെയ്‌ലി റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.

അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഒരു വെല്ലുവിളിയായിട്ടാണ് ചൈനയുടെ പുതിയ 5 ജി പ്രഖ്യാപനം. ഈ രംഗത്ത് മുന്‍നിരയിലുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനി വാവേ (Huawei) ചൈനയ്ക്ക് ഒരു മുതല്‍കൂട്ടാണ്. അമേരിക്കയുമായി നിയമയുദ്ധത്തിലേര്‍പ്പെടുന്ന വാവേയ്ക്ക് ശക്തമായ പിന്തുണ ചൈനയില്‍ നിന്നും ലഭിക്കുന്നുമുണ്ട്.

ചൈനയുടെ വിവിധ ഭാഗങ്ങളില്‍ 5ജി ബേസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചുവരികയാണ്. ഈ വര്‍ഷം അവസാനത്തോടെ 10,000 ജി ബേസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ചൈനയുടെ പദ്ധതി. ചൈനയിലെ ഏറ്റവും വികസിതമായ നഗരമാണ് ഷാങ്ഹായ്. അതിനാലാണ് അവിടെ ഏറ്റവും ആദ്യം 5ജി എത്തിച്ചത്. ഐടി, വ്യവസായ, വാണിജ്യ രംഗത്ത് മുന്നിലുള്ള പ്രദേശത്ത് 5ജി കൂടുതല്‍ പ്രയോജനപ്പെടുത്താനാവും.