ആശ്വാസവാര്‍ത്ത , സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം മെയ്‌ 12-ന്

0

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം മെയ്‌ 12-ന് യാത്രതിരിക്കും. എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് IX485 വിമാനമാണ് ബാംഗ്ലൂര്‍ വഴി കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്.ഇതിനോടകം നിരവധി മലയാളികള്‍ക്ക് എംബസ്സിയില്‍ നിന്ന് ഇമെയില്‍ ലഭിച്ചിട്ടുണ്ട്.

350 ഡോളര്‍വരെയാണ് ടിക്കറ്റ് നിരക്കുകള്‍ എന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ടിക്കറ്റുകള്‍ കഴിഞ്ഞ ദിവസം ബുക്കിംഗ് ആരംഭിച്ചിരുന്നു.

വിസാ കാലാവധി തീര്‍ന്നവര്‍ക്കും ,ഗര്‍ഭിണികള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ അറിയിച്ചുകൊണ്ടുള്ള ഇമെയില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബാംഗ്ലൂരിലേക്കുള്ള യാത്രക്കാരും ഈ വിമാനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കൊച്ചിയിലേക്കുള്ള സീറ്റുകള്‍ പരിമിതമാണ്. അതുകൊണ്ട് മറ്റൊരു വിമാനം കൂടെ വരുന്ന ദിവസങ്ങളില്‍ ആവശ്യമായി വരും.ബോയിംഗ് 737-800 വിമാനമാണ് സര്‍വീസിനായി ഒരുങ്ങുന്നത്. 189 സീറ്റുകള്‍ വരെ ഈ വിമാനത്തില്‍ ലഭ്യമാണ്. സിംഗപ്പൂരില്‍ നിന്ന് വൈകിട്ട് 6.45-നു പുറപ്പെടുന്ന വിമാനം ബാംഗ്ലൂര്‍ വഴി രാത്രി 10.50-ന് കൊച്ചിയില്‍ എത്തിച്ചേരും.