മഹീന്ദ രജപക്സെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി: സ്ഥാനമേറ്റ് 24 മണിക്കൂറിനുള്ളില്‍ ധനമന്ത്രിയുടെ രാജി

1

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന, ജനകീയ പ്രക്ഷോഭം ശക്തമായ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബായ രജപക്സെ നിയമിച്ച പുതിയ ധനകാര്യ മന്ത്രി അലി സബ്രി രാജിവെച്ചു. ഭരണമുന്നണിയിലെ 40 എംപിമാര്‍ കൂടി സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചു. ഇവര്‍ സ്വതന്ത്ര നിലപാട് പ്രഖ്യാപിച്ചു. ഇതോടെ മഹീന്ദ രജപക്സെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി.

ശ്രീലങ്ക പൊതുജന പെരുമുന പാര്‍ട്ടി എംപിമാരാണ് സഖ്യം വിട്ടത്. ഭരണമുന്നണിയായ പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ ഭൂരിപക്ഷം 105 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. പ്രതിഷേധം ശക്തമാകുന്നതിനിടെ, സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഇന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാത്രിയിലും ശ്രീലങ്കന്‍ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുന്ന സാഹചര്യത്തിലാണ് തെരുവിലിറങ്ങിയ ജനം പലയിടത്തും പ്രതിഷേധം കടുപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. ഈ സാഹചര്യത്തിലുമാണ് ജനങ്ങള്‍ തെരുവിലറങ്ങി പല സ്ഥലങ്ങളിലും തീയിട്ടത്.

കൂടാതെ നെഗോമ്പോ പട്ടണത്തില്‍ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ ജനങ്ങള്‍ വളഞ്ഞു. മുന്‍ മന്ത്രി ഗാമിനി ലോകഗിന്റെ വീടിന് തീയിടാനും ശ്രമമുണ്ടായി. ഇതിനിടെ സര്‍വകക്ഷി സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തമായി. കര്‍ഫ്യൂ ലംഘിച്ച് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി രാത്രിയും പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ റോഡുകളിലിറങ്ങി.

രോഷാകുലരായ ജനക്കൂട്ടം മന്ത്രിമാരുടെയും എംപിമാരുടെയും വീടുകളും സ്ഥാപനങ്ങളും വളഞ്ഞു. രാജി വെച്ച മുന്‍ മന്ത്രി റോഷന്‍ രണസിംഗെയുടെ വീട് ജനക്കൂട്ടം അടിച്ചു തകര്‍ത്തു. മുന്‍ മന്ത്രി ഗാമിനി ലോകഗിന്റെ വീടിന് തീയിടാനും ശ്രമമുണ്ടായി. പ്രസിഡന്റിന്റെ ഓഫീസിന് മുന്നില്‍ രാത്രി ഒരു മണിക്കും പ്രതിഷേധക്കാര്‍ സമരം നടത്തി.

അര്‍ധരാത്രി പലയിടങ്ങളിലും സമരക്കാരും പൊലീസും ഏറ്റുമുട്ടി. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുകയാണ്. ജനകീയ പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.