വിദേശത്ത് പഠനാവസരങ്ങൾ…

0

ഇന്ത്യക്ക് പുറത്ത്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ വിദ്യാഭ്യാസം ചെയ്യുന്നതിന്റെ പ്രധാന ഗുണങ്ങൾ വിവിധ നാടുകളിൽ നിന്നുള്ള കുട്ടികളുമായി ഇടപഴകാനുള്ള അവസരം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ അവസരം, പല ഭാഷകൾ പഠിക്കാനും പറയാനുമുള്ള അവസരം, ധാരാളം ഇലക്ടീവുകൾ, കരിക്കുലത്തിനു പുറത്ത് നേതൃത്വഗുണങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഇതൊക്കെയാണ്. ഇതുകൊണ്ടൊക്കെത്തന്നെയാണ് സാധിക്കുന്നവരെല്ലാം കുട്ടികളെ വിദേശങ്ങളിൽ അല്ലെങ്കിൽ മറ്റു സംസ്ഥാനത്തെങ്കിലും പഠിക്കാൻ വിടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്. വിദേശ പഠനാവസരങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്ന ലേഖനം

ഇരുന്നൂറു വർഷം മുൻപ് വരെ വിദ്യാഭ്യാസം എന്നത് ഇന്നത്തേതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. മിക്കവാറും ആളുകൾ ഏതെങ്കിലുമൊരു തൊഴിലാണ് പഠിച്ചത്. അതുതന്നെ സ്കൂളിലും കോളേജിലുമൊന്നും പോയുള്ള പഠനമല്ല, മറിച്ച് പരന്പരാഗതമായി കുടുംബത്തിൽ നിന്നോ, അല്ലെങ്കിൽ പരിചയസന്പന്നരായ മറ്റു തൊഴിലാളികളുടെ അടുത്ത് അപ്രന്റീസ് ആയി നിന്നോ ഒക്കെയാണ്. യുണിവേഴ്സിറ്റി പഠനത്തിന് പോയിരുന്നവരിൽ ഭൂരിഭാഗവും സന്പന്ന കുടുംബങ്ങളിൽ നിന്നായിരുന്നു. അതുകൊണ്ടുതന്നെ ജോലി സന്പാദിക്കുക എന്നതായിരുന്നില്ല യൂണിവേഴ്സിറ്റി ഡിഗ്രിയുടെ പ്രധാന ഉദ്ദേശ്യം.
കഴിഞ്ഞ ഇരുന്നൂറ് വർഷത്തിൽ പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം തൊട്ട് ഇതെല്ലാം മാറിമറയാൻ തുടങ്ങി. സമൂഹം കൂടുതൽ പരിഷ്‌കൃതവും സാങ്കേതികവിദ്യകൾ കൂടുതൽ സങ്കീർണ്ണവും ആയതോടെ അപ്രന്റീസായി മാത്രം തൊഴിൽ പഠിക്കാം എന്ന കാലം കഴിഞ്ഞു. യൂണിവേഴ്സിറ്റികൾ എണ്ണത്തിൽ വർദ്ധിച്ചതോടെ മധ്യവർഗ്ഗവും അവിടെയെത്തി. യൂണിവേഴ്സിറ്റി ഡിഗ്രിയുള്ളവർക്ക് ജീവിതത്തിൽ സാന്പത്തികലാഭവും സാമൂഹ്യപുരോഗതിയും ഉണ്ടാകുമെന്ന് കണ്ടതോടെ അതെത്തിപ്പിടിക്കാൻ ലോകത്തെവിടെയും മിടുക്കന്മാരും മിടുക്കികളും ശ്രമം തുടങ്ങി. അതിപ്പോഴും തുടരുന്നു.
ഞാൻ മുൻപ് പറഞ്ഞതുപോലെ യൂണിവേഴ്സിറ്റികൾ എന്നാൽ അറിവ് പകർന്നുനൽകുന്ന സ്ഥലം മാത്രമല്ല, നമ്മുടെ സാമൂഹ്യബന്ധങ്ങൾ വർദ്ധിപ്പിക്കുന്ന, നേതൃത്വഗുണം മെച്ചപ്പെടുത്തുന്ന, ഭാഷാപഠനത്തിന് അവസരം തരുന്ന, അങ്ങനെ പൊതുവെ വിദ്യാർത്ഥികളുടെ അഭിമാനം കൂട്ടുന്ന സ്ഥലം കൂടിയാണ്. അമേരിക്കയിലെ മുന്തിയ യൂണിവേഴ്സിറ്റികളിൽ നിന്നും പുറത്തിറങ്ങുന്നവരെ വൻകിട കന്പനികൾ വലിയ ശന്പളം വാഗ്ദാനം ചെയ്ത് റാഞ്ചുന്നത് അവരുടെ സാങ്കേതിക മികവുകൊണ്ടല്ല, മറിച്ച് ലക്ഷക്കണക്കിന് അപേക്ഷകരിൽ നിന്നും ഒരു ശതമാനത്തെ അരിച്ചെടുത്ത് അങ്ങനെയുള്ളവരുടെ വലിയ സാമൂഹ്യശ്രുംഖല ഉണ്ടാക്കുന്നതിൽ യൂണിവേഴ്സിറ്റികൾ വിജയിക്കുന്നതുകൊണ്ടാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ കോതമംഗലത്തും കാൺപൂർ ഐ ഐ ടി യിലും പഠിപ്പിക്കുന്ന സിവിൽ എൻജിനീയറിംഗ് ഒന്നുതന്നെയാണെങ്കിലും കാൺപൂരിൽ പഠിച്ചിറങ്ങുന്നവർക്ക് കൂടുതൽ ‘ഡിമാൻഡ്’ ഉണ്ടാകുന്നതിന്റെ കാരണം മറ്റൊന്നുമല്ല. സിവിൽ എൻജിനീയറിംഗ് അല്ലാതെ സിവിൽ സർവീസ് മുതൽ പരിസ്ഥിതി എൻ ജി ഓ വരെയായി കാൺപൂരിലെ വിദ്യാർത്ഥികൾ തിളങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഇതുകൊണ്ടാണ് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസകാലത്ത് അവർക്കേറ്റവും നല്ല ‘സോഷ്യൽ നെറ്റ്‌വർക്ക്’ ഉണ്ടാക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ എന്നു ഞാൻ ആവർത്തിച്ചുപറയുന്നത്. ഏതു സ്ഥാപനത്തിലാണ് കുട്ടികൾ പഠിക്കുന്നത് എന്നതാണ് പ്രധാനം, എന്തുപഠിക്കുന്നു എന്നത് രണ്ടാമതേ വരുന്നുള്ളു. ബോറടിക്കുമെങ്കിലും ഒരിക്കൽക്കൂടി പറയട്ടെ, നല്ല സ്ഥാപനം എന്നാൽ നല്ല വിദ്യാർത്ഥികളുള്ളത്, നല്ല അധ്യാപകരുള്ളത്, നല്ല കരിക്കുലം ഉള്ളത്, കരിക്കുലത്തിന് പുറത്ത് ഭാഷ പഠിക്കാനും നേതൃത്വഗുണം പരിപോഷിപ്പിക്കാനും അവസരമുള്ളത്.
ഇന്ത്യക്ക് പുറത്ത്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ വിദ്യാഭ്യാസം ചെയ്യുന്നതിന്റെ പ്രധാന ഗുണങ്ങൾ വിവിധ നാടുകളിൽ നിന്നുള്ള കുട്ടികളുമായി ഇടപഴകാനുള്ള അവസരം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ അവസരം, പല ഭാഷകൾ പഠിക്കാനും പറയാനുമുള്ള അവസരം, ധാരാളം ഇലക്ടീവുകൾ, കരിക്കുലത്തിനു പുറത്ത് നേതൃത്വഗുണങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഇതൊക്കെയാണ്. ഇതുകൊണ്ടൊക്കെത്തന്നെയാണ് സാധിക്കുന്നവരെല്ലാം കുട്ടികളെ വിദേശങ്ങളിൽ അല്ലെങ്കിൽ മറ്റു സംസ്ഥാനത്തെങ്കിലും പഠിക്കാൻ വിടുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നത്. വിദേശത്ത് പഠിക്കാൻ പോകുന്നതിനുള്ള ചില നിർദേശങ്ങളാണ് ഇനിയുള്ളത്.
സ്കൂൾ തലത്തിൽ: പന്ത്രണ്ടാം ക്ലാസ്സ് തൊട്ടാണ് യൂറോപ്പിൽ ബോർഡിങ് സ്കൂളുകൾ ആരംഭിക്കുന്നത്. ഇംഗ്ലണ്ടും സ്വിറ്റ്സർലാൻഡുമെല്ലാം ഇതിന് പേരുകേട്ടതുമാണ്. ഇന്ദിരാഗാന്ധിയുൾപ്പെടെ ഏറെ നേതാക്കളും മറ്റു സെലിബ്രിറ്റികളും ജനീവയിലെ ഇന്റർനാഷണൽ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയതാണ്. (https://www.ecolint.ch/campus/la-châtaigneraie). ഇവിടുത്തെ ഫീസ് കേട്ടാൽ തലചുറ്റും. ഒരുവർഷം ഏകദേശം ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് വീട്ടിൽ നിന്നുവരുന്ന കുട്ടികൾക്ക്. ബോർഡിങ്ങാണെങ്കിൽ അത് നാല്പതോ അന്പതോ ലക്ഷമാകാം. എന്നാൽ മുൻപ് പറഞ്ഞതുപോലെ ‘truly international’ ആയിട്ടാണ് കുട്ടികൾ അവിടെനിന്നും പഠിച്ചിറങ്ങുന്നത്. അതിന്റെ ഗുണം ജീവിതകാലം മുഴുവൻ ഉണ്ടാകുകയും ചെയ്യും. മലയാളിയായ സണ്ണി വർക്കി നടത്തുന്ന GEMS World Academyയും ഇവിടെയുണ്ട്. (http://www.gemsworldacademy-switzerland.com).
പന്ത്രണ്ട് വയസ്സിൽ തന്നെ കുട്ടികളെ ബോർഡിങ്ങിൽ ആക്കുന്നതിനോട് എനിക്ക് മാനസികമായി വലിയ താല്പര്യമില്ല. അതേസമയം അതൊരു മോശമായ കാര്യമാണെന്ന അഭിപ്രായവുമില്ല. രാജ്യവും സ്കൂളുമൊക്കെ തെരഞ്ഞെടുക്കുന്പോൾ നല്ല ശ്രദ്ധ വേണം എന്നുമാത്രം.
പത്താം ക്ലാസ് കഴിയുന്ന കുട്ടികൾക്ക് ഞാൻ പലപ്പോഴും നിർദേശിക്കാറുള്ള ഒന്നാണ് യുണൈറ്റഡ് വേൾഡ് കോളേജിന്റെ (UWC) ശ്രുംഖലയിലുള്ള ഏതെങ്കിലും ഒരു സ്ഥാപനം. പൂനെയിലും സിംഗപ്പൂരിലും ഒക്കെയായി പതിനേഴ് UWC ഉണ്ട് (https://www.uwc.org/about). രണ്ടുവർഷത്തെ പരിശീലനത്തിന് പഠനരംഗത്തും പുറത്തും മികവ് പുലർത്തുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്. ലോകത്തെ പല രാജ്യത്തുനിന്നുമുള്ള കുട്ടികൾ ഇവിടെയെത്തുന്നു. നല്ല ഫ്ലെക്സിബിലിറ്റിയുള്ള കരിക്കുലമുള്ള ഇവിടുത്തെ പഠനം കഴിഞ്ഞാൽ പിന്നെ ലോകത്തെ ഒന്നാംകിട യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ കിട്ടാൻ എളുപ്പമാണ്. മിടുക്കരായ കുട്ടികളുള്ളവർ, അവരെ എൻജിനീയറോ ഡോക്ടറോ ആക്കണമെന്ന് നിർബന്ധമില്ലാത്തവർ ഇതൊന്ന് ട്രൈ ചെയ്തുനോക്കേണ്ടതാണ്. ഇതുപോലെ പത്തു കഴിഞ്ഞാൽ പോകാൻ പറ്റുന്ന അനവധി സ്ഥാപനങ്ങൾ ലോകത്ത് എവിടെയുമുണ്ട്. UWC യിൽ വലിയ ഫീസൊന്നുമില്ലെങ്കിലും മറ്റുള്ള കോളേജുകളിൽ വലിയ ഫീസാണ്. ആ തലത്തിൽ ആരുംതന്നെ സ്കോളർഷിപ്പ് നൽകുകയുമില്ല. അതുകൊണ്ട് സാന്പത്തിക അടിത്തറയുണ്ടെങ്കിൽ മാത്രമേ സ്കൂൾതലത്തിൽ കുട്ടികളെ വിദേശത്ത് വിടാവൂ. കാരണം സ്കൂൾതലത്തിൽ ഇവിടെ പഠിച്ച കുട്ടികൾക്ക് പിന്നെ ഇന്ത്യയിലെ വളരെ സങ്കുചിതമായ കരിക്കുലത്തിൽ പഠിക്കാൻ പ്രയാസമായതിനാൽ അതിന് ശ്രമിക്കാതിരിക്കുകയാണ് നല്ലത്.
അണ്ടർഗ്രാജുവേഷൻ: കേരളത്തിൽ പ്ലസ് ടു കഴിഞ്ഞാൽ നമ്മൾ ഡിഗ്രിക്ക് പോകുന്നു എന്നു പറയുന്പോൾ പാശ്ചാത്യനാടുകളിൽ അതിന് അണ്ടർഗ്രാജുവേഷൻ എന്നാണ് പറയുക. ഈ പ്രായമാകുന്പോഴേക്കും കുട്ടികൾ പ്രത്യേകിച്ച് ഗൾഫിലൊക്കെ വളരുന്നവർ കുറച്ചൊക്കെ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചുകാണും. സിംഗപ്പൂർ മുതൽ ലണ്ടൻ വരെ, ജർമ്മനി മുതൽ ആസ്‌ട്രേലിയ വരെ, ന്യുസിലാൻഡ് മുതൽ കാനഡ വരെ ഇതിൽ വലിയ അവസരങ്ങളുണ്ട്. ഡിഗ്രിപഠനത്തിന് അനവധി ഓപ്ഷൻ, ഇലക്റ്റീവുകൾ, പഠനം തുടങ്ങിയതിനു ശേഷം മറ്റൊന്നിലേക്ക് മാറാൻ സൗകര്യം, ഭാഷ പഠിക്കാം, മറ്റു നാട്ടുകാരുമായി ഇടപഴകാം, പെൺകുട്ടികൾക്ക് അവരുടെ വ്യക്തിത്വ വികസനത്തിന് പരിധികൾ ഇല്ല എന്നിങ്ങനെ അനവധി ഗുണങ്ങൾ പാശ്ചാത്യനാടുകളിലെ അണ്ടർഗ്രാജുവേറ്റ് പഠനത്തിനുണ്ട്.
സാധാരണഗതിയിൽ സ്‌കോളർഷിപ്പ് ഒന്നും ലഭിക്കില്ല എന്നതാണ് അണ്ടർഗ്രാജുവേറ്റ് ലെവലിൽ പാശ്ചാത്യനാടുകളിൽ പോകാനുള്ള ഒരു പ്രധാന ബുദ്ധിമുട്ട്. സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി (NUC) ഇതിനൊരു അപവാദമാണ്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അനവധി കുട്ടികളെ സ്കോളർഷിപ്പിൽ കൊണ്ടുവന്ന് പഠിപ്പിച്ച് അവിടെത്തന്നെ ജോലിക്ക് അവസരം നൽകുന്ന NUS നുള്ള ഒരു പദ്ധതി മലയാളികൾ ശ്രദ്ധിക്കേണ്ടതാണ്. മറ്റു രാജ്യങ്ങളിലും ഇതുപോലെയൊക്കെ പല സൗകര്യങ്ങളും കാണും. അറിവുള്ളവർ കമന്റായി ഇട്ടാൽ നന്നായിരുന്നു.
സാധാരണഗതിയിൽ പഠനത്തിലെ മികവ്, പഠനേതര വിഷയങ്ങളിൽ തെളിയിക്കപ്പെട്ട താല്പര്യം scholastic aptitude test (SAT) (https://collegereadiness.collegeboard.org/sat) പരീക്ഷയിലെ സ്‌കോർ, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പരിശോധിക്കാൻ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന IELTS (http://www.britishcouncil.ch/exam/ielts), അമേരിക്കയിൽ അഡ്മിഷന് വേണ്ടിയുള്ള TOEFL (https://www.ets.org/toefl), ഇവയാണ് വിദേശത്ത് പഠിക്കാൻ വേണ്ടത്. കൂടാതെ പഠനകാലത്ത് കുട്ടിയുടെ ചിലവ് നോക്കാനുള്ള സാന്പത്തികഭദ്രത മാതാപിതാക്കൾക്കുണ്ട് എന്നതിന് തെളിവും നൽകേണ്ടിവരും. ഇതൊക്കെ സംഘടിപ്പിക്കാൻ പറ്റുന്നവർ കുട്ടികളെ നല്ല യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കാൻ വിടേണ്ടതാണ് എന്നാണ് എന്റെ ഉപദേശം. നല്ല യൂണിവേഴ്സിറ്റികൾ ഏതാണെന്നതിന്റെ ജനറൽ റാങ്കിങ് ഇവിടെയുണ്ട് (https://www.timeshighereducation.com/world…/…/world-ranking…). പിന്നെ നിങ്ങളുടെ താൽപര്യമനുസരിച്ച് ഓരോ പ്രത്യേക വിഷയത്തിന്റെയും റാങ്കിങ് ഇന്റർനെറ്റിൽ ലഭ്യമാണ്.
പുറത്ത് പഠിക്കാൻ പോകുന്പോൾ ഏതു വിഷയം പഠിക്കണമെന്നത് ഇപ്പോഴും കൺഫ്യുഷൻ ഉണ്ടാക്കുന്ന ഒന്നാണ്. ഓപ്ഷനുകളുടെ ആധിക്യം തന്നെയാണ് ഇതിനു കാരണം. പാശ്ചാത്യ രാജ്യങ്ങളിൽ ഏതു ഡിഗ്രിയെടുത്താലും തൊഴിലവസരങ്ങളുണ്ട് എന്നതും, ഏതു തൊഴിലിനും മാന്യതയുണ്ട് എന്നതുമൊക്കെ കാരണം നമുക്ക് നിറയെ ചോയ്‌സുണ്ട്.
സിംപിളായ രണ്ടു നിർദേശങ്ങൾ കൂടി തരാം. വിദേശത്തുപോയി മെഡിസിൻ പഠിക്കുന്നത് റിസ്കാണ്. മെഡിസിനെപ്പറ്റി എഴുതിയപ്പോൾ പറഞ്ഞതുപോലെ ഒരു രാജ്യത്തെ മെഡിക്കൽ ഡിഗ്രി മറ്റു ഭൂരിഭാഗം രാജ്യത്തും വിലയുള്ളതല്ല. അമേരിക്കയിൽ ഹാർവാർഡിൽ നിന്നും മെഡിസിൻ പഠിച്ചുവരുന്ന കുട്ടിക്ക് ഇംഗ്ലണ്ടിലോ കേരളത്തിലോ ഒന്നും പ്രാക്ടിസ് ചെയ്യാൻ അവകാശമില്ല. ഇത് നഴ്സിങിനും ഡെന്റിസ്ട്രിക്കും ഉൾപ്പെടെ ബാധകമാണ്. അതേസമയം ലോകത്ത് ഇപ്പോൾ ഇന്ത്യക്കാർക്ക് ഏറ്റവും ബ്രാൻഡ് വാല്യു ഉള്ളത് എൻജിനീയറിംഗിലാണ്. പ്രത്യേകിച്ചും കംപ്യൂട്ടർ സയൻസിൽ. സത്യ നദെല്ലയും സുന്ദർ പിച്ചായിയും ഇരിക്കുന്നത്ര ഉയരത്തിലിരിക്കാൻ ഇന്ത്യൻ ബ്രാൻഡുകാർ അധികമില്ല. അതുകൊണ്ടുതന്നെ ഈ രംഗത്തേക്ക് കടന്നുവരുന്ന ഇന്ത്യക്കാർക്ക് അവസരങ്ങൾ കിട്ടും. അവരുടെ തലമുറകളിൽ ഗ്ലാസ് സീലിംഗ് (https://www.merriam-webster.com/dictionary/glass%20ceiling) ഉണ്ടാകുകയുമില്ല.
ഡിഗ്രിയല്ലാതെ നിരവധി സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പാശ്ചാത്യരാജ്യങ്ങളിൽ ലഭ്യമാണ്. ഒരാഴ്ച മുതൽ രണ്ടുവർഷം വരെ നീളുന്ന അനിമേഷൻ തൊട്ട് ഫിസിയോതെറാപ്പി വരെയുള്ളവ. ഇന്ത്യയിൽ യാതൊരു തൊഴിൽ പരിചയവുമില്ലാതെ നേരിട്ട് ഈ കോഴ്‌സുകൾക്ക് വരുന്നത് അൽപം റിസ്കാണ്. ഒന്നാമത് ഇതിന്റെയൊക്കെ കാര്യത്തിൽ അത്ര ക്വാളിറ്റി കൺട്രോൾ ഇല്ല. വികസിതരാജ്യങ്ങളിലെ പാവം കുട്ടികളെ മുന്നിൽ കണ്ട് ‘വിസ സംഘടിപ്പിക്കാൻ’ മാത്രമായി നടത്തുന്ന ഡിപ്ളോമ കോഴ്‌സുകൾ പാശ്ചാത്യരാജ്യങ്ങളിലുണ്ട്. ഇതിനൊക്കെ ഉശിരൻ വെബ് സൈറ്റൊക്കെ കാണും. പക്ഷെ, ഇവിടെ നിങ്ങൾക്ക് വിദേശ പഠനത്തിന്റെ ഒരു ഗുണവും കിട്ടില്ല. കാശു പോകുന്നതു മാത്രം മിച്ചം. ഏറെ ശ്രദ്ധിച്ചേ യൂണിവേഴ്സിറ്റികൾ അല്ലാത്ത ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കാൻ ചേരാവൂ.
ഗ്രാജുവേറ്റ് സ്റ്റഡീസ് (ബിരുദാനന്തര ബിരുദം): പാശ്ചാത്യരാജ്യങ്ങളിലെ ഗ്രാജുവേറ്റ് സ്റ്റഡീസിലാണ് വാസ്തവത്തിൽ ഇന്ത്യക്കാർക്ക് ഏറ്റവും അവസരമുള്ളത്. നാട്ടിലെ സ്ക്രീനിംഗ് സംവിധാനം വഴി ഉയർന്ന റാങ്കുള്ള മിടുക്കന്മാർക്ക് പാശ്ചാത്യരാജ്യങ്ങളിൽ ബിരുദാനന്തര ബിരുദത്തിന് അവസരമുണ്ടാകുന്നു. ഓരോ രാജ്യവുമനുസരിച്ച് കടന്പകൾ പലതും മാറിവരും. എന്നാലും അടിസ്ഥാനമായി,
ശരാശരിയിലും മികച്ച മാർക്ക്
ഭാഷാ പ്രാവീണ്യം, IELTS TOEFL
GRE അല്ലെങ്കിൽ GMAT (MBA ക്ക്)
അടിപൊളി ഒരു ‘motivation letter’
ഒന്നോ രണ്ടോ നല്ല റഫറൻസ് ലെറ്റർ
സാന്പത്തികഭദ്രതയുടെ തെളിവ്
ഇത്രയുമുണ്ടെങ്കിൽ നല്ല യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടാം. ഇതിൽ ഓരോന്നിലും കുട്ടികളുടെ മികവനുസരിച്ച് അവർ തന്നെ ഫീസ് ഒഴിവാക്കിത്തരികയോ, സ്കോളർഷിപ്പ് തരികയോ ചെയ്യും. ഒരു വർഷം മുൻപേ ശ്രമിച്ചുതുടങ്ങുക. അപേക്ഷ തയ്യാറാക്കുന്നതും മോട്ടിവേഷൻ ലെറ്റർ എഴുതുന്നതുമൊക്കെ ഇംഗ്ലീഷിൽ നല്ല അറിവുള്ളവരുടെ സഹായത്തോടെ ചെയ്യുക. ഇതിനുവേണ്ട എല്ലാ കാര്യങ്ങളും ഗൗരവമായെടുക്കണം.
കൺസൾട്ടന്റുമാരും ഏജന്റുമാരും: വിദേശത്ത് ഉപരിപഠനത്തിന് സഹായിക്കാൻ ഇപ്പോൾ കേരളത്തിൽ അനവധി ഏജൻസികളും കൺസൾട്ടന്റുമാരുമുണ്ട്. ഇവരുടെ സേവനം തേടുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
1. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിലല്ല, നിങ്ങളെ നാടുകടത്തുന്നതിലാണ് ഏജൻസിയുടെ വരുമാനമിരിക്കുന്നത്. അതുകൊണ്ട് പ്രധാനപ്പെട്ട തീരുമാനങ്ങൾ നിങ്ങൾ തന്നെ എടുക്കണം, അല്ലാതെ എല്ലാം അവർക്ക് വിട്ടുകൊടുക്കരുത്.
2. കേരളത്തിലെ മറ്റേത് കച്ചവടക്കാരെയും പോലെ ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന മട്ടിലുള്ള അവകാശവാദങ്ങൾ ഇവർ നടത്തിയെന്നുവരാം. കബളിപ്പിക്കപ്പെട്ടാൽ കാശ് തിരിച്ചുമേടിക്കൽ ഒന്നും നടപ്പുള്ള കാര്യമല്ല.
3. മെഡിക്കൽ വിഷയങ്ങളിൽ വിദേശത്ത് പഠനത്തിന് പോകുന്നത് ശ്രദ്ധിച്ചുവേണം. വിദേശത്ത് മെഡിക്കൽ ബിരുദം നേടിയാൽ ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ പ്രാക്ടീസ് ചെയ്യാൻ ഏറെ കടമ്പകളുണ്ട്.
4. വിദേശരാജ്യത്തെ യൂണിവേഴ്സിറ്റിയുടെ നിലവാരം, അവിടുത്തെ ചെലവ്, ഇതിനെയൊക്കെപ്പറ്റി കൺസൾട്ടന്റുമാർ പറയുന്നത് അപ്പാടെ വിശ്വസിക്കരുത്. ഇന്റർനെറ്റുള്ള കാലത്ത് ഇതെല്ലം എളുപ്പത്തിൽ പരിശോധിക്കാമല്ലോ, പരിശോധിക്കണം.
5. അവസാനം രാജ്യവും യൂണിവേഴ്‌സിറ്റിയും കോഴ്സും ഒക്കെ തീരുമാനിക്കുന്ന സമയത്ത് ഫേസ്‌ബുക്കിൽ കൂടി അതേ സ്ഥലത്ത് പഠിക്കുന്ന മലയാളികളെ കണ്ടെത്തി അഭിപ്രായം ചോദിക്കാം. അതിനൊക്കെയാണ് ഫേസ്‌ബുക്ക് ഉപയോഗിക്കേണ്ടത്. അല്ലാതെ സെൽഫിയെടുത്ത് പോസ്റ്റി ലൈക്ക് മേടിക്കാൻ മാത്രമല്ല.
വിദേശത്ത് പഠനത്തിന് എന്ത് ചിലവാകും എന്ന് പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. ഇത് ഓരോ രാജ്യത്തിലും വ്യത്യസ്തമാണ്. സ്‌കൂൾ തൊട്ടു പി എച്ച് ഡി വരെ വേറെയും മാറ്റങ്ങൾ ഉണ്ട്. പൊതുവെ പറഞ്ഞാൽ അമേരിക്കയിലാണ് വിദ്യാഭ്യാസത്തിന് ഏറെ ചിലവുള്ളത്. അവിടുത്തെ തന്നെ കുട്ടികൾ വിദ്യാഭ്യാസ വായ്പ എടുത്താണ് പഠിക്കുന്നത്. സ്‌കോളർഷിപ്പ് ഇല്ലാതെ അമേരിക്കയിൽ പഠിക്കുക എന്നത് നല്ല സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ മാത്രം ആലോചിച്ചാൽ മതി. ഇതിലും കുറവാണ് ബ്രിട്ടനിലും കാനഡയിലും ആസ്ട്രേലിയയിലും ഒക്കെ ഫീസും ജീവിതച്ചെലവും. ഈ രാജ്യങ്ങളിൽ സ്ഥിരതാമസത്തിന് അനുമതിയുള്ളവർക്കും (permanant residents), പൗരന്മാർക്കും ഫീസിൽ വലിയ കുറവൊക്കെയുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി മാത്രം അങ്ങോട്ട് കുടിയേറുന്നവരുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും വിദ്യാഭ്യാസം ഫ്രീയാണെങ്കിലും ജീവിതച്ചെലവ് ഏറെ കൂടുതലാണ്. അപ്പോൾ ഫീസ് ഇല്ല എന്നതുകൊണ്ട് മാത്രം പഠനത്തിനായി യൂറോപ്പ് തിരഞ്ഞെടുക്കരുത്. അതേസമയം തന്നെ പഠിച്ചു പുറത്തിറങ്ങുമ്പോൾ ജോലിക്കുള്ള സാധ്യതയും കൂടി കണക്കിലെടുത്തു വേണം ഈ തീരുമാനമെടുക്കാൻ. ഇക്കാര്യത്തിൽ ഇതുവരെയും അമേരിക്കയാണ് ഒന്നാമത്. ഇഗ്ളീഷ് സംസാരിക്കുന്ന ഇടങ്ങൾ (ആസ്‌ട്രേലിയ, കാനഡയിലെ ഇംഗ്ളീഷ് പ്രദേശങ്ങൾ, ഇംഗ്ലണ്ട്) നമുക്ക് കൂടുതൽ സാധ്യതയുള്ളതാണ്. സ്വീഡനിലും ജർമ്മനിയിലും ഒക്കെ പോകുന്നതിന് മുൻപ് അവിടുത്തെ ഭാഷ പഠിച്ചില്ലെങ്കിൽ ജോലിസാധ്യത കുറയും. പക്ഷെ ഇക്കാര്യത്തിൽ എല്ലാം മാറ്റങ്ങൾ വരികയാണ്. ചുറ്റുമുള്ള മാറ്റങ്ങൾ നിരന്തരം ശ്രദ്ധിക്കുക.
നാട്ടിൽ ലോൺ എടുത്തൊക്കെ വിദേശത്ത് പഠിക്കാൻ പോകുന്നത് നല്ല ഇൻവെസ്റ്റ്മെന്റ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്. ഇതിന്റെ ഉത്തരം ഓരോ കുടുംബവും അവരുടെ സാമ്പത്തിക ഭദ്രത അനുസരിച്ചും കുട്ടികൾ എവിടെ പോകുന്നു എന്നതിനെ അനുസരിച്ചും തീരുമാനമെടുക്കണം എന്നതാണ്. അതേസമയം നാട്ടിൽ മൂന്നാമത്തെയും നാലാമത്തെയും ഫ്ലാറ്റ് വാങ്ങിയിടുന്നതിലും എത്രയോ നല്ല കാര്യമാണ് കുട്ടികളെ വിദേശത്ത് പഠിക്കാൻ വിടുന്നത്. പ്രത്യേകിച്ചും പെൺകുട്ടികളെ ഇന്ത്യക്ക് പുറത്ത് പഠിക്കാൻ വിടുന്നത് അവരുടെ വ്യക്തിത്വം പൂർണ്ണമായും വികസിക്കാനുള്ള അവസരമുണ്ടാക്കും. നാട്ടിലുള്ള ഒരേക്കർ ഭൂമിയിൽ അരയേക്കർ വിറ്റിട്ടാണെങ്കിലും വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിൽ ഒരു തെറ്റുമില്ല. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നത് പഴഞ്ചൊല്ല് മാത്രമല്ല, നല്ല സാമ്പത്തിക തത്വശാസ്ത്രം കൂടിയാണ്.