നിങ്ങൾക്ക് ‘പുകവലിശീലമില്ലെങ്കിൽ’ ഈ കമ്പനി നിങ്ങള്‍ക്ക് ശമ്പളത്തോടുകൂടി ആറ് ദിവസത്തെ അധികഅവധി തരും…!

0

പുകവലിക്കുന്നത് ശീലമില്ലാത്ത ജീവനക്കാര്‍ക്ക് ജപ്പാന്‍ കമ്പനിയായ പിയാല അനുവദിച്ചിരിക്കുന്നത് ശമ്പളത്തോടുകൂടിയ ആറ് ദിവസത്തെ അധികഅവധിയാണ്. ടോക്കിയോ ആസ്ഥാനമായ ബഹുരാഷ്ട്ര മാര്‍ക്കറ്റിങ് കമ്പനിയായ പിയാല ഇന്‍കോര്‍പറേറ്റ് ആണ് ആറ് ദിവസത്തെ അധിക അവധി പുകവലിക്കാത്ത ജീവനക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ബഹുനിലക്കെട്ടിടത്തിന്റെ 29-ാം നിലയിലാണ്. പുകവലി ശീലമുള്ളവര്‍ക്ക് ഇടയ്‌ക്കൊന്ന് വലിക്കണമെങ്കില്‍ താഴത്തെ നിലയിലെത്തണം. ഒരു സിഗരറ്റ് പുകച്ച് സീറ്റില്‍ തിരിയെയെത്താന്‍ കുറഞ്ഞത് പതിനഞ്ച് മിനിറ്റ് വേണ്ടിവരും. ഇടയ്ക്കിടെ പുകവലിക്കുന്നവര്‍ ജോലിസമയം നഷ്ടപ്പെടുത്തുന്നതായും ബാക്കിയുള്ളവര്‍ ആ സമയത്തും ജോലി ചെയ്യുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുകവലിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി നല്‍കാന്‍ കമ്പനി തീരുമാനിച്ചത്.

കമ്പനിയില്‍ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടിയില്‍ നിന്ന് ലഭിച്ച പരാതിയാണ് കമ്പനിയെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പിയാല വക്താവ് ഹിരോതക മത്‌സുഷിമ അറിയിച്ചു. പുകവലിക്കാര്‍ക്ക് പിഴയോ ശിക്ഷയോ നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് പ്രോത്സാഹനജനകമായ സമ്മാനങ്ങളോ സൗജന്യമോ അനുവദിക്കുന്നതാണെന്ന്കമ്പനി സിഇഒ ടകാവോ അസൂക്ക പറഞ്ഞു. ജീവനക്കാര്‍ക്കിടയിലെ പുകവലി കുറയ്ക്കുന്നതിനായുള്ള നിലപാട് ജപ്പാനിലെ മിക്ക കമ്പനികളും അടുത്തിടെ സ്വീകരിച്ചിട്ടുണ്ട്.