ദേ ഇവരെല്ലാം ശരിക്കും പോലീസാ…!

0

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഒരേ സ്വരത്തില്‍ പറഞ്ഞൊരു കാര്യമുണ്ട്, ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും റീയലിസ്റിക് അഭിനയം. അഭിനയിക്കുകയല്ല, നായകന്‍ മുതല്‍ സൈഡ് ആര്‍ട്ടിസ്റ്റുകള്‍ വരെ സിനിമയില്‍ ജീവിക്കുകയായിരുന്നു.

സിനിമയില്‍ ഫഹദിനും സുരാജിനും ഒപ്പം തന്നെ കൈയ്യടി നേടിയവരാണ് ഇതിലെ പോലീസുകാര്‍. റിയലിസത്തിന് പ്രാധാന്യം കൊടുത്ത ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ  പ്രാധാന്യമുള്ളതാണ് ഇതിലെ 24 പൊലീസ് കഥാപാത്രങ്ങളും. അലന്‍സിയര്‍ മാത്രമാണ് അക്കൂട്ടത്തില്‍ ഒരു ‘നടന്‍’. മറ്റുള്ള 23 പേരും യഥാര്‍ഥ പൊലീസുകാര്‍ തന്നെ.

സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സവിശേഷതയുള്ള ഒരു ‘കാസ്റ്റിംഗ് കോള്‍’ ദിലീഷ് നടത്തിയിരുന്നു. അഭിനയിക്കാന്‍ കഴിവും താല്‍പര്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ തേടിയായിരുന്നു  ആ വിളി. അങ്ങനെയാണ് ഇവരെല്ലാം ഈ സിനിമയുടെ ഭാഗമാകുന്നത്. കാസര്‍ഗോഡ് പ്രധാന പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ കണ്ണൂര്‍-കാസര്‍ഗോഡ് സ്വദേശികള്‍ക്ക് മുന്‍ഗണനയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് പൊലീസ് സ്റ്റേഷനില്‍ ഒരു സിസിടിവി വെച്ച പോലെ അത്രയും സ്വാഭാവികമായി പൊലീസുകാര്‍ സിനിമയില്‍ പ്രകടനം കാഴ്ച്ച വെച്ചത്.

പ്രേക്ഷകര്‍ അതില്‍ ഏറ്റവും നെഞ്ചേറ്റിയ ഒരാളാണ് ചിത്രത്തിലെ ഷേണി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയി അഭിനയിച്ച നടന്‍.കാസര്‍ഗോഡ് ആദൂര്‍ സിഐ ആയ സിബി തോമസാണ് സിനിമയില്‍ എസ്‌ഐയായി അസാധാരണ പ്രകടനം നടത്തി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചത്. കാക്കിക്കുള്ളിലെ ഈ കലാകാരനെ സിനിമ പുറത്തിറങ്ങിയ ശേഷമാണ് പലരും തിരിച്ചറിയുന്നത്. സിനിമ മോഹിച്ചു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന സിബി പിന്നീട് അഭിനയ മോഹം ഉപേക്ഷിച്ചാണ് യൂണിഫോമണിഞ്ഞത്.സിബി തോമസ്, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ 

ആദ്യമായാണ് സിബി ക്യാമറക്കു മുന്നില്‍ എത്തുന്നത്. ദേഷ്യപ്പെട്ടും ഒപ്പം തന്നെ മിതത്വം പാലിച്ചുമുള്ള ഈ എസ്‌ഐ മലയാള സിനിമ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വ്യത്യസ്ഥമായൊരു പൊലീസ് കഥാപാത്രമാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ മാത്യു, റൈറ്റര്‍ ശിവദാസന്‍ എന്നിവര്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എല്ലാവരും സ്വാഭാവിക അഭിനയം അതിന്റെ ഏറ്റവും മനോഹരമായ രീതിയില്‍ കാഴ്ച വെച്ചു എന്നതില്‍ സംശയമില്ല. ഇതില്‍ മധുസൂദനനും ശിവദാസനും യഥാര്‍ത്ഥ പേരില്‍ത്തന്നെയാണ് സ്‌ക്രീനിലെത്തിയത്. പക്ഷേ യഥാര്‍ത്ഥ സര്‍വ്വീസിലെ റാങ്കില്‍ നിന്ന് വ്യത്യാസമുണ്ടെന്ന് മാത്രം. സിനിമയില്‍ സിഐ ആയ വി.മധുസൂദനന്‍ കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയാണ്. ‘തൊണ്ടിമുതലി’ല്‍ റൈറ്ററായ പി.ശിവദാസന്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ എഎസ്പിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.