ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും

0

ന്യൂഡൽഹി: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ട്രെയിന്‍ വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകും. ശനിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിലാണ് ഇത്തരമൊരു ധാരണയുണ്ടായതായി അറിയുന്നത്. മെയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിച്ചാലും മെയ് 15 ഓടുകൂടി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ ഉയര്‍ന്നത്‌.

പാര്‍ക്കിങ് ഫീസിനത്തിലും വിമാന കമ്പനികള്‍ക്ക് ബാധ്യത വരുന്നതും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. അതേ സമയം എയര്‍ ഇന്ത്യ ചില പ്രത്യേക ആഭ്യന്തര സര്‍വ്വീസുകകള്‍ക്കുള്ള ബുക്കിങ് മെയ് 4ന് ആരംഭിക്കുമെന്നും അന്താരാഷ്ട്ര സര്‍വ്വീസിനുള്ള ബുക്കിങ് ജൂണ്‍ 1ന് തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ യോഗത്തിൽ തീവണ്ടി ഗതാഗതവും വ്യോമ ഗതാഗതവും എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനത്തിലെത്തിയിട്ടില്ല.

വിമാന സർവീസുകൾക്ക് അനുമതി നൽകി കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് വരുന്നത് വരെ ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എയർ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്ര സർക്കാർ നടപടി.

ജൂൺ 1 തൊട്ടുള്ള അന്താരാഷ്ട്ര സർവീസുകളുടെയും ബുക്കിങ് എയർ ഇന്ത്യ ആരംഭിച്ചിരുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ജൂൺ 1 ന് ശേഷം നാട്ടിലേക്ക് വരാമെന്ന പ്രതീക്ഷയിയിലായിരുന്നു പ്രാവാസികൾ ഉൾപ്പെടെയുള്ളവർ. എന്നാൽ പുതിയ തീരുമാനത്തോടെ ലോക്ക് ഡൗൺ കഴിഞ്ഞാലും ടിക്കറ്റ് ബുക്കിങ്ങിന് കേന്ദ്ര സർക്കാർ നിർദ്ദേശം കാത്തിരിക്കേണ്ട അവസ്ഥയിലാണ് വിമാന കമ്പനികൾ.

ആദ്യ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ ട്രെയിന്‍ സര്‍വീസുകളും ആഭ്യന്തര വിമാനങ്ങളും സര്‍വീസ് തുടങ്ങിയേക്കും. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും രാജ്യാന്തരയാത്രകള്‍ക്കും ലോക്ക്ഡൗണിന് ശേഷവും കാത്തിരിക്കേണ്ടി വരും. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി തുടങ്ങിയവരും ചര്‍ച്ചയിലുണ്ടായിരുന്നു. യോഗത്തിനു ശേഷം ഇവർ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലേ അന്തിമ തീരുമാനമുണ്ടാകൂ.