ശനിയാഴ്ച ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി; സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

1

ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആറ് സ്ത്രീകളുമായാണ് താന്‍ കേരളത്തില്‍ എത്തുന്നതെന്നും ശനിയാഴ്ച  നട തുറക്കുമ്പോള്‍ തന്നെ മല കയറാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞിരുന്നു. സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.

അതേസമയം, ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനെ കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളത്. യുവതീപ്രവേശനം അനുവദിച്ച വിധി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയുടേത് ഉചിതമായ തീരുമാനമെന്നാണ് മന്ത്രിമാരായ എ.കെ. ബാലനും കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുള്ളത്.