കൊവിഡ് ചികിത്സയ്ക്കിടെ ഡോണൾഡ് ട്രംപ് ക്വാറന്റീൻ ലംഘിച്ചതായി ആരോപണം

0

വാഷിങ്ടണ്‍: കോവിഡ് ചികിത്സയില്‍ കഴിയുന്നതിനിടെ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപക വിമര്‍ശനമുയരുന്നു. ക്വാറന്റീൻ ലംഘിച്ച് ട്രംപ് കാർയാത്ര നടത്തിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതേസമയം, ട്രംപിന്റെ കാർ യാത്രയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി.

അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, ഡോണൾഡ് ട്രംപിന്റെ രോഗം നിസാരമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു.

ഓക്‌സിജൻ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. അതിനിടെ കൊവിഡ് രോഗിയുടെ നില ഗുരുതരമാകുമ്പോൾ മാത്രം നൽകാറുള്ള മരുന്നുകളാണ് ട്രംപിന് നൽകുന്നതെന്ന വിവരവും പുറത്തുവന്നു. ഇത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

വളരെവേഗം പടരുന്നതും മരണകാരണമായേക്കാവുന്നതുമായ ഒരു വൈറസ് ബാധിച്ച ആളായിട്ടും ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന ഒരു പ്രസിഡന്റ് രാജ്യത്തെ ജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചോദിക്കുന്നു.

താന്‍ ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്ച വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്ന് പുറത്തുവന്നത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു.