55 വയസ്സ് തികഞ്ഞവർക്ക് അഞ്ച് വർഷത്തെ റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ച് യു എ ഇ

0

ദുബായ്: അൻപത്തിയഞ്ച് വയസ് പിന്നിട്ടവർക്ക് റിട്ടയര്‍മെന്റ് വിസ പ്രഖ്യാപിച്ച് യു എ ഇ. പങ്കാളിക്കും മക്കൾക്കും വിസ ലഭിക്കും. ദുബൈ ടൂറിസവും എമിഗ്രേഷനും ചേർന്നാണ് നൂതനപദ്ധതി ആവിഷ്കരിച്ചത്. ന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾക്ക് പദ്ധതി ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിസയ്ക്കായി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷകര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നോ പെന്‍ഷനായോ പ്രതിമാസം 20,000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ ഉണ്ടാവണമെന്നാണ് വിസ സബന്ധിച്ചുള്ള നിബന്ധന. അല്ലെങ്കില്‍ ദുബായില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാവണം.

അപേക്ഷകർക്ക് ആരോഗ്യ ഇന്‍ഷുറന്‍സും നിർബന്ധമാണ്. ഇൻഷുറൻസ് ഇല്ലെങ്കിൽ അപേക്ഷ അയയ്ക്കുന്നതിന് മുൻപ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണം. വിസ അപേക്ഷ നിരസിച്ചാല്‍ 30 ദിവസത്തിനകം ഇന്‍ഷുറന്‍സിനായി മുടക്കിയ തുക തിരികെ നല്‍കുന്നതായിരിക്കും. വിസ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഓണ്‍ലൈനായി തന്നെ പുതുക്കാനുള്ള സൗകര്യവുമുണ്ട്. http://www.retireindubai.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബൈ കുടുംബത്തോടൊപ്പം താമസിക്കാനുള്ള അവസരം തേടി നിരവധി പേരാണ് അധികൃതരെ ബന്ധപ്പെടുന്നത്.