എം.കെ ഭാസിയുടെ കവിതാസമാഹാരം ‘വീഥികൾ വീചികൾ’ പ്രകാശനം ചെയ്തു.

0

സിംഗപ്പൂരിന്‍റെ പ്രിയ കവി എം കെ ഭാസിയുടെ പുതിയ കവിതാസമാഹാരം വീഥികൾ വീചികൾ പ്രകാശനം ചെയ്തു. വുഡ്ലാൻഡ്സ് നാഷണൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചയ്ക്ക് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ.പെരുമ്പടവം ശ്രീധരൻ മുഖ്യാതിഥി ആയിരുന്നു.

കവികൾ ത്രികാല ജ്ഞാനികൾ ആണെന്നും കാലത്തിനൊത്തു കവിതയുടെ രചനയിലും ആസ്വാദനത്തിലും വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും അനുരൂപപ്പെടാനും കവികൾക്ക് കഴിയാറുണ്ടെന്നും പെരുമ്പടവം പറഞ്ഞു. ഉള്ളിൽ തിരയടിക്കുന്ന സമുദ്രം സൂക്ഷിക്കുമ്പോഴും പുറമെ മൗനിയായ കവിയാണ് ശ്രീ.എം കെ ഭാസി എന്നും കൂട്ടത്തിൽ നടക്കുമ്പോഴും ഇരുളിന്‍റെ മറവിൽ അപാരതയിലേക്ക് എത്തിനോക്കി നിൽക്കുന്ന ഏകാകിയായ വ്യക്തിത്വമാണ് ഭാസിയെന്നും അദ്ദേഹം പറയുകയുണ്ടായി.

കാൽപനിക കവിതകളെ കുറിച്ചും ആശാൻ കവിതകളിലെ കാല്പനികതയെ കുറിച്ചും കാല്പനിക കവികൾ ഇതിവൃത്തമാക്കാൻ പൊതുവെ ഭയക്കുന്ന മരണം ഭാസിയുടെ കവിതകളിൽ പ്രതിധ്വനിക്കുന്നതും അദ്ദേഹത്തിന്‍റെ മൂന്ന് വിലാപ കാവ്യങ്ങളിലൂടെ സുരേഷ് കുമാർ വിശദീകരിച്ചു.

അംബാസഡർ അറ്റ് ലാർജ്ജ് ശ്രീ.ഗോപിനാഥ പിള്ള ആദ്യ പ്രതി പെരുമ്പടവത്തിന്‍റെ കയ്യിൽ നിന്ന്  ഏറ്റുവാങ്ങുകയും ആശംസ അറിയിക്കുകയും ചെയ്തു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ഭാഷയുടെ ഭാവിയെ കുറിച്ച് അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു. തലമുറകളെ മലയാളം പഠിപ്പിക്കാൻ ഉത്സുകരാവണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

വിജയ കൃഷ്ണൻ ഭാസി കവിതകളുടെ അവലോകനവും ഷീബ സ്റ്റീഫൻ, മോഹൻ രാജ് എന്നിവർ വീഥികൾ വീചികളിലെ കവിതകൾ ആലപിക്കയും ഉണ്ടായി. കവിയും സാഹിത്യകാരനുമായ ശ്രീ.ഡി.സുധീരൻ എന്നിവർ ആശംസയും മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ജയകുമാർ നന്ദിയും പ്രകാശിപ്പിച്ചു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.