സംസ്ഥാനത്ത് കനത്ത മഴ; മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം; ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0

സംസ്ഥാനത്ത് ഇന്നും കനത്തമഴ. അടുത്ത 48 മണിക്കൂര്‍ നേരം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദരുടെ പ്രവചനം. കേരളത്തിനും കര്‍ണാടകത്തിനും ലക്ഷദ്വീപിനും മുകളിലായി രൂപം കൊണ്ട് ന്യൂന മര്‍ദ്ദമാണ് കനത്ത മഴക്ക് കാരണമെന്നും പടിഞ്ഞാറന്‍ കാറ്റ് അനുകൂലമായി വീശുകയും ഒഡീഷക്ക് മുകളില്‍ അന്തരീക്ഷ ചുഴി രൂപം കൊളളുകയും ചെയ്തതോടെ കനത്ത മഴക്കുളള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കനത്ത മഴയില്‍ അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടി. അട്ടപ്പാടി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി കിടക്കുകയാണ്. പത്ത് പേരാണ് ബസിനകത്തുളളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഈ മാസം 21 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. 48 മണിക്കൂറായി തുടരുന്ന മഴ സംസ്ഥാനത്ത് പലയിടത്തും ജനജീവീതം സ്തംഭിപ്പിച്ചിട്ടുണ്ട്.

അതേസമയം മഴയെ തുടര്‍ന്ന് കോട്ടയം ചിങ്ങവനത്ത് റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞു വീണു. ഇതേ തുടര്‍ന്ന് കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം തിരുവനന്തപുരം പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും കൃഷി നാശം സംഭവിച്ചു. തേക്കടി റൂട്ടില്‍ അട്ടപ്പളത്ത് മണ്ണിടിച്ചിലുണ്ടായി.

മഴയെത്തുടര്‍ന്ന് അട്ടപ്പാടി ആനക്കല്‍, തൊട്ടിയക്കര, പുതൂര്‍, ജെല്ലിപ്പാറ മേഖലകളില്‍ വലിയ നാശ നഷ്ടം ഉണ്ടായി. ആനക്കല്‍-തൊട്ടിയാക്കര ഭാഗത്ത് രണ്ടിടത്ത് ഉരുള്‍പ്പൊട്ടി. നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുള്‍പ്പെടെയുളളവര്‍ സ്ഥലത്തുണ്ട്. അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചിലില്‍ വീണ മരങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു. ഇതുവഴിയുളള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.