പി.ഗോവിന്ദപിള്ള: ഇടതുപക്ഷ ബുദ്ധി ജീവിതത്തിന്റെ പാഠങ്ങള്‍.

0

ധിഷണാ ശാലികള്‍ വിടവാങ്ങുന്നത്‌ സംവാദബന്ധമായ ഒരു സമൂഹത്തിഌ സൃഷ്‌ടിക്കുന്ന നഷ്‌ടം ചെറുതല്ല. ഒരേ സമയം വായനയുടേയും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെയും മേഖലകളില്‍ വ്യാപരിക്കുകയും അവയെ പരസ്‌പര ബന്ധിതമായി കാണുകയും ചെയ്‌ത ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പി. ഗോവിന്ദപ്പിള്ളയുടെ വേര്‍പാട്‌ ഒരു വലിയ ശൂന്യത തന്നെയാണ്‌ സൃഷ്‌ടിക്കുന്നത്‌. അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തോടും നിലപാടുകളോടും അങ്ങേയറ്റത്തെ വിയോജിപ്പുള്ള എനിയ്‌ക്ക്‌ എക്കാലത്തും അദ്ദേഹം എഴുതുന്നത്‌ വായിക്കുക എന്നത്‌ ഒരേ സമയം ചിന്താപരമായ വെല്ലുവിളിയും ധൈഷണികമായ അനിവാര്യതയുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ലാവണ്യ ചിന്തയില്‍ സി.പി.ഐ.(എം) ന്റെ നിലപാടുകളുടെ ഉരകല്ല്‌.  പി.ഗോവിന്ദപ്പിള്ള എന്തു പറയുന്നു എന്നതു തന്നെയായിരുന്നു. സ്റ്റാലിനിസ്റ്റുകളുടെ സൗന്ദര്യശാസ്‌ത്ര വിചാരകനായി അറിയപ്പെടുക എന്നത്‌ പഴയ സോവിയറ്റ്‌ യൂണിയനില്‍ അപകടങ്ങളില്ലാത്ത ജോലിയായിരുന്നിരിക്കണം. എന്നാല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ പോലും ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുതിയ പാരീസ്യന്‍ ചിന്തകന്റെ പുസ്‌തകം കമ്പോടുകമ്പ്‌‌ വായിക്കുന്ന കേരളത്തില്‍ ഇതൊരു സാഹസിക പ്രവര്‍ത്തിയാണ്‌‌. സക്കറിയ എപ്പോഴും സൂചിപ്പിക്കുന്നതുപോലെ, “സി.പി.എം മുമായി അഭിയപ്രായ വ്യത്യാസത്തില്‍ ഏര്‍പ്പെടുക എന്നത്‌ അന്നും ഇന്നും ആപത്‌കരമായ” കാര്യമായിരിക്കാം. അദ്ദേഹം പറയുന്നത്‌ പോലെ അവര്‍ “ആശയത്തെ പേശിബലം കൊണ്ടും അപവാദ പ്രചരണം കൊണ്ടും” നേരിടുന്നവരായിരിക്കാം. എന്നാല്‍ ഒരു ധിഷണശാലിയെ സംബന്ധിച്ചിടത്തോളം സി.പി.എംല്‍ നില്‍ക്കുക എന്നതും ഒരു സാഹസപ്രവര്‍ത്തനം തന്നെയാണ്‌. കാരണം ആത്യന്തികമായ ആശയ സംവാദത്തില്‍ ആരും സംഘബലത്തയോ അക്രമങ്ങളെയോ ഭയപ്പെടാറില്ല. ഈ വസ്‌തുത തിരിച്ചറിയുകയും, ലാവണ്യ വിമര്‍ശനത്തില്‍ പാര്‍ട്ടിയുടെ ഫാസിസ്റ്റ് ആള്‍ക്കൂട്ട സംസ്കാരവുമായി അകലം പാലിക്കാന്‍ തീവ്രമായി അഭിലഷിക്കുകയും, കുതറിമാറുവാഌള്ള മനസ്സിന്റെ ഇച്ഛകളെ തടയേണ്ടി വരുന്നതിലുള്ള സംഘര്‍ഷത്തില്‍ പലപ്പോഴും അച്ചടക്കമില്ലാത്തവനായി മുദ്രകുത്തപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പി. ഗോവിന്ദപ്പിള്ള എന്നത്‌ ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ നിസ്സാരമായ കാര്യമല്ല.

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഞാന്‍ പി. ഗോവിന്ദപിള്ള പാര്‍ട്ടിക്കുവേണ്ടി നടത്തിയിട്ടുള്ള സൗന്ദര്യയുദ്ധങ്ങള്‍ കൗതുകത്തോടെ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ‘പ്രേരണ’ മാസികയില്‍ ആറ്റൂര്‍ രവിവര്‍മ്മയുമായി നടന്ന സംവാദമായിരുന്നു ആദ്യം ശ്രദ്ധയില്‍ പെട്ടത്‌.  നാല്‍പതുകളുടെ ഒടുവിലോ അന്‍പതുകളുടെ തുടക്കത്തിലോ എങ്ങനെ എഴുതണം സാഹിത്യകാരന്‍ എന്ന്‌ ‘പാര്‍ട്ടിക്കത്ത്‌’ റോണിയോ ചെയ്‌തു ഇറക്കാറുണ്ടായിരുന്നു എന്ന ആറ്റൂരിന്റെ വാദത്തെയാണ്‌ ഗോവിന്ദപിള്ള ഖണ്‌ഡിക്കാന്‍ ശ്രമിച്ചത്‌. അന്നത്തെ ആറ്റൂര്‍ ഇന്നത്തെക്കാള്‍ പരുക്കനായ മഌഷ്യനായിരുന്നു എന്ന്‌ ഇന്ന്‌ തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുന്നു. കാരണം ഒട്ടും മാര്‍ദ്ദവമില്ലാതെയാണ്‌ ആറ്റൂര്‍ പ്രതികരിച്ചത്‌. അക്കാലത്ത്‌ ഗോവിന്ദപിള്ള പാര്‍ട്ടിയില്‍ ഉണ്ടായിരുന്നോ എന്നുപോലും തനിക്ക്‌ സംശയമുണ്ടെന്ന്‌ ആറ്റൂര്‍ പറഞ്ഞു നിര്‍ത്തി. എന്നാല്‍ ഇത്തരം പ്രകോപനങ്ങള്‍ ഒന്നും പാര്‍ട്ടിക്കുവേണ്ടി വീണ്ടും പടച്ചട്ടയണിയുന്നതില്‍ നിന്ന്‌ അദ്ദേഹത്തെ തടഞ്ഞില്ലെന്ന്‌ പിന്നീടുള്ള ഓരോ ഘട്ടത്തിലും ഞാന്‍ മനസ്സിലാക്കുകയായിരുന്നു. പഴയകാലത്തേക്കുറിച്ച്‌, പുരോഗമന സാഹിത്യ പ്രസ്‌ഥാനത്തിന്റെ ഭൂതകാലത്തെ കുറിച്ച്‌, ചില വസ്‌തുതകള്‍ തുറന്നുപറയാന്‍ തകഴി മുന്നോട്ട്‌ വന്നപ്പോള്‍ ആ ചര്‍ച്ചയില്‍, തകഴിക്ക്‌ വയസ്സായതിന്റെ ഓര്‍മ്മ പിശകാണെന്നും (ഈ.എം.എസ്‌ ന്‌ അതില്ലെന്നും) യഥാര്‍ത്ഥ വസ്‌തുതകള്‍ വ്യത്യസ്ഥമാണെന്നും സമര്‍ത്ഥിക്കാന്‍ ഗോവിന്ദപിള്ളയാണ്‌ പാര്‍ട്ടിക്ക് വേണ്ടി സംവാദത്തിനു ഇറങ്ങിയത്‌. നിശിതമായ ഭാഷയില്‍ അദ്ദേഹം അത്‌ നിര്‍വവ്വഹിച്ചു. മാര്‍ക്സിയന്‍ സൌന്ദര്യ വിചാര ലോകത്തെ ചര്‍ച്ചകളെക്കുറിച്ച്‌ മലയാളിക്കുണ്ടായിട്ടുള്ള ഡോഗ്മാറ്റിക് ധാരണകള്‍ രൂപീകരിക്കുന്നതില്‍ ഗോവിന്ദപിള്ളയുടെ ഇത്തരം തീവ്രമായ ഇടപെടലുകള്‍ ഒരു വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌ എന്നാണെനിക്ക്‌ തോന്നിയിട്ടുള്ളത്‌. മുന്‍കാലങ്ങളില്‍ എടുത്ത നിലപാടുകള്‍ തിരുത്തേണ്ടി വരുക എന്നത്‌ പാര്‍ട്ടിക്ക്‌ താങ്ങാനാവാത്ത ബാദ്ധ്യതയാകുമോ എന്ന ഉല്ക്കണ്ഠയാണ്‌ പലപ്പോഴും അദ്ദേഹത്തെ ഇത്തരം സംവാദ വേദികളിലേയ്‌ക്ക്‌ വരാന്‍ പ്രരിപ്പിച്ചിട്ടുള്ളത്‌ എന്നാണെന്റെ വിശ്വാസം . അല്ലെങ്കില്‍ ഒരു പക്ഷേ ചരിത്രത്തെ അദ്ദേഹം കുറെക്കൂടി വസ്‌തുനിഷ്‌ടമായും ചലനാത്മകമായും വീക്ഷിക്കുവാന്‍ തയ്യാറാകുമായിരുന്നു. അല്ലെന്നും ആണെന്നും തരം പോലെ പറഞ്ഞൊഴിയാന്‍ പാകത്തില്‍ പാര്‍ട്ടി വാരികയിലെ പേജുകള്‍ക്ക് വേണ്ടി സി പി എമ്മിനൊപ്പം നിന്ന ആളല്ല അദ്ദേഹം. പാര്‍ട്ടി കുഴപ്പിത്തിലാവുമ്പോള്‍ നെടുങ്കന്‍ ലേഖനമെഴുതി ഉപദേശി ചമഞ്ഞു പരിഹാസ്യനാവാന്‍ അദ്ദേഹം മുതിര്‍ന്നിട്ടുമില്ല. പാര്‍ട്ടിയുടെ നിലപാടാണ് അദ്ദേഹം വിശദീകരിച്ചു പോന്നത്. അതിനുള്ളിലെ സന്ദേഹങ്ങളും അപകടങ്ങളും അദ്ദേഹം നിര്‍മ്മമതയോടെ സ്വീകരിച്ചു.

ആശയസംവാദം എന്നത്‌ നിരന്തരം ജാഗ്രതയോടെ നിര്‍വഹികേണ്ടതാണെന്ന്‌ എന്ന്‌ അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്‌. പാര്‍ട്ടി എന്നത്‌ ചരിത്രത്തിലെ ഒരു മഹാസംഭവമാണെന്ന അദ്ദേഹത്തിന്റെ ധാരണയ്‌ക്ക്‌ ചേരുന്ന രീതിയിലാണ്‌ അദ്ദേഹം സംവാദമുഖങ്ങള്‍ വെട്ടിത്തുറക്കുന്നത്‌. എം. സുകുമാരന്റെ ‘ശേഷക്രിയ’ വായിക്കുന്നതിന്‌ എത്രയോമുന്‍പാണ്‌‌ ഞാന്‍ ഗോവിന്ദപിള്ളയുടെ അതേക്കുറിച്ചുള്ള വിമര്‍ശനം വായിച്ചത്‌. പാര്‍ട്ടി വിമര്‍ശിക്കപ്പെടുന്ന ചെറിയ സന്ദര്‍ഭങ്ങള്‍ പോലും അദ്ദേഹത്തെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു എന്നറിയാതെ ഇന്ന്‌ തിരിഞ്ഞ്‌ നിന്ന്‌ ആ വിമര്‍ശന ലേഖനത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്‌ ഓര്‍ക്കുന്നതിലര്‍ത്ഥമില്ല. പില്‍കാലത്ത്‌ ശേഷക്രിയ വായിച്ച്‌ ഞാന്‍ സ്‌തബ്ദനായത്‌ ആ നോവലിന്റെ അസാമാന്യമായ സര്‍ഗ്ഗാത്മകതമാത്രം കൊണ്ടല്ല. ആ നോവല്‍ ഒരു സ്റ്റാലിനിസ്റ്റ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എത്ര വലിയ ഭീഷണിയാണു ഉയര്‍ത്തുന്നതെന്ന്‌ തിരിച്ചറിഞ്ഞു ശക്തമായി പ്രതികരിച്ച ഗോവിന്ദിപിള്ളയുടെ രാഷ്‌ട്രീയ ജാഗ്രതയെ കുറിച്ച്‌ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു.

ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെയായിരുന്നു അടൂര്‍ ഗോപാ&#3378